കുരിശുമരണത്തിന്റെ സ്മരണയിൽ ദുഃഖവെള്ളി ആചരണം
text_fieldsദുബൈ: യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ അനുസ്മരിച്ച് ഗൾഫിലെ ക്രൈസ്തവ ദേവാലയങ്ങളും ദുഃഖവെള്ളി ആചരിച്ചു. നഗരി കാണിക്കൽ, പ്രദക്ഷിണം, പീഡാനുഭവ വായന, കുരിശിന്റെ വഴി തുടങ്ങിയ ചടങ്ങുകളോടെയാണ് ദുഃഖവെള്ളി ആചരിച്ചത്. കോവിഡുമൂലം രണ്ടുവർഷമായി ദുഃഖവെള്ളി ആചരണം വീടുകളിൽ ഒതുങ്ങിയിരുന്നു. കഴിഞ്ഞ തവണ ഓൺലൈനിലായിരുന്നു വിശ്വാസികൾ ചടങ്ങുകൾ വീക്ഷിച്ചിരുന്നത്. എന്നാൽ, ഇക്കുറി നേരിട്ട് പള്ളിയിൽ എത്താനായതിന്റെ ആത്മനിർവൃതിയിലാണ് വിശ്വാസികൾ.
അതേസമയം, ഗൾഫിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് തുടക്കമായി. ക്രൂശിതനായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമകൾ പങ്കിട്ടാണ് ഈസ്റ്റർ ആഘോഷം. ഗൾഫിൽ പലയിടത്തും ഞായറാഴ്ച പ്രവർത്തി ദിനമായതിനാൽ ഇന്നലെ രാത്രിയാണ് ദേവാലയങ്ങളിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നത്.
അബൂദബി മുസഫയിലെ സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ നാട്ടിൽനിന്ന് തിരുസ്വരൂപം എത്തിച്ചാണ് നഗരികാണിക്കൽ ശുശ്രൂഷ നടത്തിയത്. രണ്ടാം തവണയാണ് അബൂദബിയിൽ ഇത്തരത്തിൽ നഗരി കാണിക്കൽ ശുശ്രൂഷ സംഘടിപ്പിക്കുന്നത്. നാട്ടിൽമാത്രം കണ്ടുപരിചയമുള്ള യേശുവിന്റെ ഇത്തരം തിരുസ്വരൂപം ഒറ്റത്തടിയിൽ ആറുമാസത്തോളം സമയം എടുത്തു നിർമിച്ചതാണ്. മലയാളം കോഓഡിനേഷൻ കമ്മിറ്റി കോഓഡിനേറ്റർ കൂടിയായ ലൂയിസ് കുര്യാക്കോസാണ് സ്വരൂപം നാട്ടിൽനിന്ന് അബൂദബിയിലെത്തിച്ചത്.
ഫാ. വർഗീസ് കോഴിപാടന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. പീഡാനുഭവ വായന, കുരിശിന്റെ വഴി, ആരാധന, വിശുദ്ധ ർബാന സ്വീകരണം എന്നിവയും നടന്നു. അബൂദബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ ആരംഭിച്ച ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. എൽദോ എം. പോൾ സഹകാർമികനായിരുന്നു. ദേവാലയത്തിന് ചുറ്റും പ്രദിക്ഷണം ഉണ്ടായിരുന്നു. ഇടവക വികാരി ഫാദർ എൽദോ. എം. പോൾ, കത്തീഡ്രൽ ട്രസ്റ്റി ഐ. തോമസ് ജോർജ്, കത്തീഡ്രൽ സെക്രട്ടറി ഐ. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
അബൂദബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് പള്ളിയിലെ ദുഃഖവെള്ളി ശൂശ്രക്ഷകൾക്ക് ഇടവക വികാരി ഫാ. തോമസ് ജോളി മുഖ്യ കാർമ്മികത്വം വഹിച്ചു. ദുബൈ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖവെള്ളിയാഴ്ച ശ്രുശ്രൂഷകൾ ഇടവക മെത്രാപോലിത്ത മോർ ഒസ്താത്തിയോസ് ഐസക് മെത്രാപോലിത്തയുടെ കാർമികത്വത്തിൽ നടത്തി. പ്രഭാത പ്രാത്ഥനയോടെ തുടങ്ങിയ ശ്രുശ്രുഷകൾ കബറടക്കത്തോടെ സമാപിച്ചു. റാസൽഖൈമ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ രുന്തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ക്ലിമീസിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.