പീഡാനുഭവ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു
text_fieldsദുബൈ: പീഡാനുഭവ സ്മരണയിൽ പ്രവാസലോകത്തെ വിശ്വാസികളും ദുഃഖവെള്ളി ആചരിച്ചു. യു.എ.ഇയിലെ വിവിധ പള്ളികളിൽ ചടങ്ങുകൾ നടന്നു. രാവിലെ മുതൽ വിവിധ സമയങ്ങളിലായാണ് ഓരോ പള്ളികളിലും ചടങ്ങുകൾ നടന്നത്. വാരാന്ത്യമായതിനാൽ കൂടുതൽ വിശ്വാസികൾ പള്ളിയിലെത്തി. അബൂദബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ രാവിലെ മുതല്‍ തുടങ്ങിയ പ്രാർഥനകളില്‍ ആയിരക്കണക്കിന് വിശാസികൾ പങ്കെടുത്തു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്മ പുതുക്കി ദേവാലയത്തിന് അകത്തും പുറത്തും പ്രദക്ഷിണവും കുരിശു കുമ്പിടലും നടന്നു.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് തോമസ് മുട്ടുവേലില്‍ കോര്‍ എപ്പിസ്കോപ്പ നേതൃത്വം നല്കി. കത്തീഡ്രല്‍ വികാരി യല്‍ദോ എം. പോള്‍, സഹവികാരി മാത്യു ജോണ്‍ സഹകാർമികരായി. കഞ്ഞി നേര്‍ച്ചയും ഒരുക്കിയിരുന്നു. ഷാർജ സെന്റ് മേരീസ് യാക്കോബായ സിറിയൻ സൂനൊറോ പാത്രിയാർക്കൽ കത്തീഡ്രലിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ നടന്നു. രാവിലെ എട്ടിന് പ്രാർഥന ആരംഭിച്ചു. കർത്താവിന്റെ കുരിശ് വഹിച്ചുകൊണ്ടുള്ള ഗാഗുൽത്താ മലയിലേക്കുള്ള യാത്രയെ അനുസ്മരിച്ചുകൊണ്ട് പ്രദക്ഷിണം നടത്തി. ക്രൂശിക്കപ്പെട്ട കർത്താവിനെ വണങ്ങുന്നതിനെ സൂചിപ്പിക്കുന്ന സ്ലീബ വന്ദനവും ഖബറടക്കവും അനുവർത്തിച്ചു.
എല്ലാ വിശ്വാസികൾക്കും ചൊറുക്കയും ചെന്നിനായകവും പാവയ്ക്കയും ചേർന്നുണ്ടാക്കിയ കയ്പുനീര് നല്കി. വൈകീട്ട് നാലോടെ ചടങ്ങുകൾ അവസാനിച്ചു. ഉപവാസം അവസാനിപ്പിക്കാനായി കഞ്ഞി വിതരണംചെയ്തു. ഏകദേശം 3000 വിശ്വാസികൾ പങ്കെടുത്തു. ഫാ. എബിൻ ഊമേലിൽ, ഫാ. എൽദോസ് കാവാട്ട്, ഫാ. ഏലിയാസ് മാത്യു എന്നിവർ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.