വിജയകഥ പറയാൻ ഗോപിചന്ദ് വരും
text_fields2019ലെ ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഫൈനൽ. സ്വിറ്റ്സർലൻഡിലെ സെന്‍റ് ജാക്കോബ്ഷാൾ സ്റ്റേഡിയത്തിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ തകർത്തെറിഞ്ഞ് പി.വി. സിന്ധു ചരിത്രം കുറിക്കുമ്പോൾ കുമ്മായവരക്കപ്പുറത്ത് ചെറുപുഞ്ചിരിയോടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. ലോക ചാമ്പ്യൻഷിപ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന പകിട്ടോടെ കോർട്ടിന് പുറത്തേക്ക് നടന്ന സിന്ധു ആദ്യം ആശ്ലേഷണം ചെയ്തതും അയാളെയായിരുന്നു. പുല്ലേല ഗോപിചന്ദ് എന്ന ആ മനുഷ്യനാണ് പുസർല വെങ്കട്ട സിന്ധു എന്ന കൊച്ചുപെൺകുട്ടിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. തോൽവി ഉറപ്പിച്ച സമയങ്ങളിൽ പിന്നിൽനിന്ന് പൊരുതിക്കയറാൻ ആത്മവിശ്വാസമേകിയും മാനസികമായി കരുത്തരായിരിക്കാൻ പഠിപ്പിച്ചും പി.വി. സിന്ധുവിനെയും സൈന നെഹ്വാളിനെയും കിഡംബി ശ്രീകാന്തിനെയുമെല്ലാം വളർത്തിയെടുത്ത ഗോപിചന്ദ് ഇക്കുറി 'ഗൾഫ് മാധ്യമം' എജുകഫേയിലും എത്തുന്നു. പുതുലോകത്തേക്ക് കുതിക്കാൻ വെമ്പിനിൽക്കുന്ന വിദ്യാർഥികളും പഠനവഴിയിൽ പിന്നിലായിപ്പോയെന്ന് തോന്നുന്ന കുട്ടികളും അവരെ കൈപിടിച്ചുയർത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളും കണ്ടിരിക്കേണ്ട, കേട്ടിരിക്കേണ്ട ജീവിതകഥയാണ് ഈ മുൻ ദേശീയ ചാമ്പ്യന്‍റേത്. സ്വന്തം ജീവിതം തന്നെ സമൂഹത്തിന് പ്രചോദനമായി സമർപ്പിച്ച, ഇന്ത്യൻ ദേശീയ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായ ഗോപിചന്ദിന്റെ പ്രത്യേക സെഷൻ ഫെബ്രുവരി ആറിനാണ് നടക്കുന്നത്.
ഒരുപക്ഷേ, പുതുതലമുറക്ക് ഗോപിചന്ദ് എന്നാൽ സിന്ധുവിന്റെയും സൈനയുടെയും ശ്രീകാന്തിന്റെയും കശ്യപിന്റെയുമെല്ലാം പരിശീലകൻ മാത്രമായിരിക്കും. അതിനേക്കാൾ എത്രയോ മേലെയായിരുന്നു അയാളുടെ കരിയർ. പ്രകാശ് പദുക്കോണിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ ബാഡ്മിന്റൺ താരം ഗോപിചന്ദാണ്. 1996ൽ ദേശീയ ബാഡ്മിന്റൺ ചാമ്പ്യനായ അദ്ദേഹം അടുത്ത അഞ്ച് വർഷവും ഈ കിരീടം ആർക്കും വിട്ടുകൊടുത്തില്ല. 1998ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ഗോപി രണ്ട് തവണ സാർക്ക് ബാഡ്മിന്റൺ ചാമ്പ്യനായി. ബാഡ്മിന്റണിലെ വിംബിൾഡൺ എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് ഓപണിൽ ചാമ്പ്യനാകുമ്പോൾ ഗോപിചന്ദിന് മുന്നിൽ വീണവരിൽ അന്നത്തെ ഒന്നാം നമ്പർ പീറ്റർ ഗ്രാഡെയും ചെൻ ഹോംഗിങ്ങുമുണ്ടായിരുന്നു. 1980ൽ പ്രകാശ് പദുകോൺ ഈ നേട്ടം കൈവരിച്ച ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഇംഗ്ലണ്ട് ഓപണിൽ മുത്തമിടുന്നത്. ഈ നേട്ടത്തോടെ സചിൻ ടെണ്ടുൽക്കറിനൊപ്പമെത്തി ഗോപിചന്ദിന്റെ വിപണിമൂല്യം. കൊക്ക കോളയുടെ ബ്രാൻഡ് അംബാസഡറാകാനുള്ള ക്ഷണം നിരസിച്ച് ഗോപിചന്ദ് അന്ന് പറഞ്ഞത് ഇതായിരുന്നു 'എന്റെ നാട്ടിലെ കുട്ടികൾ ഇത്തരം ഡ്രിങ്കുകൾ കുടിക്കേണ്ടതില്ല'. വാർത്തസമ്മേളനത്തിനിടെ ടേബ്ളിലെ കൊക കോള കുപ്പി മാറ്റിവെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്തിടെ കാണിച്ച ഹീറോയിസം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പേ ലോകത്തിന് കാണിച്ചുകൊടുത്തയാളാണ് ഗോപിചന്ദ്.
ഇത്തരം കരുത്തുറ്റ നിലപാടാണ് അദ്ദേഹത്തിെൻറ കുട്ടികളെ ലോകചാമ്പ്യൻഷിപ്പിലേക്കും ഒളിമ്പിക്സിലേക്കും എത്തിച്ചത്. ഈ കഥകൾ പറയാൻ കൂടിയാണ് ഗോപിചന്ദ് 'എജുകഫേയിൽ' എത്തുന്നത്.1999ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു. ഖേൽരത്ന, പത്മശ്രീ, ദ്രോണാചാര്യ, പത്മഭൂഷൺ എന്നിവയും തേടിയെത്തി. 2006 മുതൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനാണ്. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ അഞ്ചേക്കറിൽ നിറഞ്ഞുനിൽക്കുന്ന സ്വന്തം ബാഡ്മിന്റൺ അക്കാദമിയുണ്ട്. ഇംഗ്ലണ്ട് ഓപണിലെ നേട്ടത്തിന് സമ്മാനമായി ആന്ധ്ര സർക്കാർ നൽകിയ 13 ഏക്കറിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഈ അക്കാദമിയിലെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന അതിജീവനത്തിെൻറയും ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും കഥകൾ പറയാനാണ് ഗോപിചന്ദ് 'എജുകഫേയിൽ' എത്തുന്നത്. അപൂർവമായി മാത്രം ലഭിക്കുന്ന വിലപ്പെട്ട വാക്കുകൾ മിസ് ചെയ്യാതിരിക്കാൻ ഇന്ന് തന്നെ myeducafe.com വഴി രജിസ്റ്റർ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.