സർക്കാർ ജീവനക്കാർക്ക് വിദേശത്തുനിന്ന് വിദൂരമായി ജോലി ചെയ്യാം
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം
അബൂദബി: രാജ്യത്തെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് വിദേശത്തുനിന്ന് വിദൂരമായി ജോലി ചെയ്യാൻ അനുവദിക്കുന്ന പുതിയ തൊഴിൽ സംവിധാനത്തിന് അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് പുതിയ തൊഴിൽ നയത്തിന് അംഗീകാരം നൽകിയത്.
വിവിധ സർക്കാർ പദ്ധതികൾ, പഠനങ്ങൾ, വിദഗ്ധ ജോലികൾ എന്നിവയിൽ പങ്കാളികളാകുന്നതിനും സംഭാവന അർപ്പിക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ മികച്ച പ്രതിഭകളെ ആകർഷിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. കൂടാതെ ആറു വർഷ ദേശീയ നിക്ഷേപ നയത്തിനും അബൂദബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയിട്ടുണ്ട്.
പ്രതിവർഷം രാജ്യത്ത് എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 2031ഓടെ ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടാണ് ആറു വർഷ വിദേശ നിക്ഷേപ നയത്തിന് അംഗീകാരം നൽകിയത്. ബിസിനസിനും മൂലധന നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ പുതിയ നയം സഹായകമാവും. കഴിഞ്ഞ വർഷം രാജ്യത്തേക്ക് എത്തിയത് 1120 കോടി ദിർഹമിന്റെ വിദേശ നിക്ഷേപമായിരുന്നു.
പുതിയ നയത്തിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഇത് 2400 കോടിയായി വർധിപ്പിക്കും. കൂടാതെ വിദേശ നിക്ഷേപത്തിന്റെ മൊത്തം സ്റ്റോക്ക് 8000 കോടിയിൽനിന്ന് 2.2 ലക്ഷം കോടി ദിർഹമായി ഉയർത്തും. വ്യവസായം, ചരക്കു നീക്കം, സാമ്പത്തിക സേവനങ്ങൾ, പുനരുപയോഗ ഊർജം, വിവര സാങ്കേതിക വിദ്യ എന്നിവ ഉൾപ്പെടെ പ്രധാന മേഖലകളിലാണ് പുതിയ നയം ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് യോഗത്തിന് ശേഷം ശൈഖ് മുഹമ്മദ് പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇ സമ്പദ്വ്യവസ്ഥ വികസിപ്പിക്കുകയും പുതിയ വിപണികൾ തുറക്കുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും ആഗോളതലത്തിൽ മികച്ച ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് തുടരുകയാണ്.
എല്ലാ ഭൂഖണ്ഡങ്ങളിലും പുതിയ സാമ്പത്തിക ബന്ധം സൃഷ്ടിക്കുന്ന നടപടികളും തുടരും. ലോകമെമ്പാടുമുള്ള മേഖലകളുമായി ബന്ധിപ്പിക്കുന്ന ആഗോള വ്യാപാര ഹബ് എന്ന സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു. അടുത്ത ആറു വർഷത്തിനുള്ളിൽ ജി.ഡി.പിയിലേക്ക് ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ സംഭാവന 9.7 ശതമാനത്തിൽനിന്ന് 19.4 ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ദേശീയ ഡിജിറ്റൽ ഇക്കണോമിക് സ്ട്രാറ്റജിയുടെ ഫലങ്ങളും മന്ത്രിസഭ വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.