രാജ്യത്തെ സർക്കാർ ജീവനക്കാർ രണ്ടാഴ്ച കൂടുമ്പോൾ കോവിഡ് പരിശോധന നടത്തണം
text_fieldsദുബൈ: യു.എ.ഇയിൽ പൊതുമേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം പിന്നിടുമ്പോൾ തുടർച്ചയായ കോവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് പുറത്തിറക്കിയ പുതിയ സർക്കുലറിൽ നിർദേശിച്ചു. ഫെഡറൽ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്കും നിർദേശം ബാധകമായിരിക്കും. പുതിയ നിർദേശം ജനുവരി 17 മുതൽ നിലവിൽ വരുമെന്നും സർക്കുലർ സൂചിപ്പിക്കുന്നു.
ഫെഡറൽ ഗവൺമെൻറ് തലത്തിൽ മഹാമാരിയെ ചെറുക്കാനും കോവിഡ് പ്രത്യാഘാതങ്ങൾ കുറക്കാനും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്ന പുതിയ നിർദേശപ്രകാരം പരിശോധനക്കുള്ള ചെലവുകൾ ജീവനക്കാർ സ്വന്തമായി തന്നെ വഹിക്കണം. എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും പുതിയ കോവിഡ് പ്രതിരോധ നിർദേശം അയച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി. ജീവനക്കാർ, ഔട്ട്സോഴ്സിങ് വിഭാഗക്കാർ, പബ്ലിക് സർവിസ് കമ്പനികളിലെ ജീവനക്കാർ, കൺസൽട്ടിങ് സേവനങ്ങളിലെ ജീവനക്കാർ, അവർ കരാറിലേർപ്പെട്ടിരിക്കുന്ന സംഘത്തിലെ ജീവനക്കാർ എന്നിവരും ഓരോ രണ്ടാഴ്ചകളിലും കോവിഡ് പി.സി.ആർ പരിശോധന പൂർത്തിയാക്കണം.
എന്നാൽ, കോവിഡ് വാക്സിൻ എടുത്ത ജീവനക്കാരെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കാൻ കഴിയില്ലെന്ന് തെളിയിക്കുന്ന റിപ്പോർട്ട് അല്ലെങ്കിൽ രാജ്യത്തെ ആരോഗ്യ വകുപ്പ് അധികൃതർ അംഗീകരിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ജീവനക്കാരെയും ഒഴിവാക്കിയിട്ടുണ്ട്. ഔട്ട്സോഴ്സിങ് കമ്പനികളിലെയും പബ്ലിക് സർവിസസ് കമ്പനികളിലെയും ഫെഡറൽ ഗവൺമെൻറ് സംവിധാനങ്ങളുമായി കരാറിലേർപ്പെട്ട സ്ഥാപനങ്ങളിലെയും ജീവനക്കാർ അവരുടെ കമ്പനികളുടെ ചെലവിൽ പി.സി.ആർ പരിശോധന നടത്തണം.
ഫെഡറൽ സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ട കൺസൽട്ടിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ അവർ യോഗങ്ങൾ, ചർച്ചകൾ, മറ്റ് ജോലികൾ എന്നിവയിൽ പങ്കെടുക്കാൻ ജോലിസ്ഥലത്ത് ഹാജരാകുന്നവരാണെങ്കിൽ അത്തരം ജീവനക്കാർക്ക് മൂന്ന് ദിവസമോ അതിൽ കൂടുതലോ കാലാവധിയുള്ള പി.സി.ആർ പരിശോധന നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. രാജ്യത്ത് ആരംഭിച്ച വാക്സിനേഷൻ ഡ്രൈവുമായി എല്ലാവരും സഹകരിക്കുകയും വാക്സിൻ സ്വീകരിക്കുന്നതിന് ജീവനക്കാരെയും തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കണമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.