അബൂദബിയിൽ ഇന്നുമുതൽ സർക്കാർ ജീവനക്കാർ ജോലിക്കെത്തണം
text_fieldsഅബൂദബി: കോവിഡ് രോഗവ്യാപനത്തെ തുടർന്ന് വീട്ടിൽനിന്ന് ജോലി ചെയ്തിരുന്നവരുൾപ്പെടെ 100 ശതമാനം സർക്കാർ ജീവനക്കാരും ഞായറാഴ്ച മുതൽ അബൂദബിയിൽ ജോലിക്കായി ഓഫിസുകളിലെത്തണം.
എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർ പൂർണശേഷിയിൽ ജോലിക്കെത്തണമെന്ന് 10 ദിവസം മുമ്പേ അറിയിച്ചിരുന്നു. ജീവനക്കാരുടെ ആരോഗ്യസംരക്ഷണം പരിഗണിച്ച് നിർബന്ധമായും ഹാജരാകേണ്ട ജീവനക്കാർക്ക് മാത്രമാണ് ഇതുവരെ ഹാജരായിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഏഴു മുതൽ 40 ശതമാനം ജീവനക്കാർ മാത്രം പൊതുമേഖല സ്ഥാപനങ്ങളിൽ ഹാജരായാൽ മതിയെന്ന നിബന്ധനയോടെയായിരുന്നു വർക് ഫ്രം ഹോം പദ്ധതി ആരംഭിച്ചത്. പിന്നീട് മേയ് 30 മുതൽ 60 ശതമാനം ജീവനക്കാർ ഓഫിസിൽ മടങ്ങിയെത്തി. കോവിഡ് വാക്സിനേഷെൻറ മൂന്നാം ഡോസും മിക്കവരും എടുത്തശേഷമാണ് 100 ശതമാനം ജീവനക്കാരും തൊഴിൽസ്ഥലത്ത് മടങ്ങിയെത്താനുള്ള അംഗീകാരം അബൂദബി സർക്കാർ സപ്പോർട്ട് വകുപ്പ് പ്രഖ്യാപിച്ചത്.മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, അബൂദബി നാഷനൽ ഓയിൽ കമ്പനി ഉൾപ്പെടെ സർക്കാർ കമ്പനികൾ എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരും ഞായറാഴ്ച മുതൽ ജോലിസ്ഥലത്ത് ഹാജരാകും. എന്നാൽ, 10 വയസ്സോ അതിൽ താഴെയോ ഉള്ള കുട്ടികളുടെ രക്ഷിതാവിന് വിദൂര ജോലി അനുവദനീയമാണ്. ഭാര്യയും ഭർത്താവും ജീവനക്കാർ ആണെങ്കിൽ ഒരാൾക്കാണ് ഇതിന് അനുമതി ലഭിക്കുക. സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി തൊഴിലുടമക്ക് ഒരാൾക്ക് വീട്ടിൽനിന്ന് തൊഴിൽ ചെയ്യാനുള്ള അംഗീകാരം നൽകാം.
സന്ദർശകർ, ഇടപാടുകാർ എന്നിവർക്ക് സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്സിനേഷൻ-പിസി.ആർ പരിശോധനയുടെ നെഗറ്റിവ് ഫലം അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. വാക്സിനേഷൻ സ്വീകരിക്കാത്തവർ 48 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റിവ് പി.സി.ആർ പരിശോധനാഫലം കാണിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.