സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം നിർത്തുന്നു
text_fieldsഅബൂദബി: കോവിഡ് വ്യാപനത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി വർക്ക് ഫ്രം ഹോം അനുവദിച്ച യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും പെരുന്നാൾ അവധിക്കു ശേഷം മേയ് 16 മുതൽ ജോലിക്ക് ഹാജരാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു.
എന്നാൽ, വിവിധ എമിറേറ്റുകളിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെയും ജീവനക്കാർക്ക് ബാധകമല്ല. പ്രാദേശിക സർക്കാർ ജീവനക്കാർക്കും ഫെഡറൽ ജീവനക്കാർക്കും വ്യത്യസ്ത നിയമങ്ങളാണുള്ളത്.
തക്കതായ കാരണമില്ലാതെ വാക്‌സിനേഷൻ എടുക്കാത്ത ജീവനക്കാർ സ്വന്തം ചെലവിൽ എല്ലാ ആഴ്ചയും പി.സി.ആർ പരിശോധന നടത്തണമെന്നും അതോറിറ്റി വ്യക്തമാക്കി. വാക്‌സിൻ സ്വീകരിക്കാതിരിക്കാൻ ആരോഗ്യപരമായ കാരണമുണ്ടെങ്കിൽ ജീവനക്കാർ മെഡിക്കൽ റിപ്പോർട്ടിെൻറ സഹായത്തോടെ ഇക്കാര്യം അറിയിക്കണം. ഇവർക്ക് തൊഴിലുടമയുടെ ചെലവിൽ പി.സി.ആർ പരിശോധനകൾ നടത്തും.
വീട്ടിലിരുന്ന് ഓൺലൈൻ പഠനം തുടരുന്ന കുട്ടികളുടെ അമ്മമാർക്ക് ഈ അധ്യയന വർഷാവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്യാം. ജോലിസ്ഥലത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശാരീരിക അകലം പാലിക്കുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ഫെഡറൽ അതോറിറ്റി സർക്കുലറിൽ അധികൃതരോട് ആവശ്യപ്പെട്ടു.അബൂദബിയിലെ പ്രാദേശിക, അർധസർക്കാർ സ്ഥാപനങ്ങളിലും പല സ്വകാര്യ മേഖല ജോലി സ്ഥലങ്ങളിലും 30 ശതമാനം ജീവനക്കാരാണ് ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.