പഠിക്കുന്ന മക്കളുള്ള സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം
text_fieldsഅബൂദബി: ഓൺലൈൻ പഠനത്തിന് രജിസ്റ്റർ ചെയ്ത മക്കളുള്ള സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ സൗകര്യമൊരുക്കുമെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി സർക്കാറും അറിയിച്ചു.മാതാവിനാണ് വർക്ക് ഫ്രം ഹോം സൗകര്യം നൽകുന്നത്. അതേസമയം, കുട്ടികളെ നോക്കാൻ ആളില്ലെങ്കിൽ പിതാവിനും വീട്ടിലിരുന്ന് ജോലി ചെയ്യാം. പല സ്കൂളുകളിലും ഓൺലൈൻ പഠനം തുടരുന്നതിെൻറ പശ്ചാത്തലത്തിലാണ് തീരുമാനം.വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ വിദൂര പഠന സംവിധാനവുമായി ബന്ധപ്പെട്ട് കുട്ടികളെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കത്ത് സ്‌കൂളുകളിൽ നിന്ന് സമർപ്പിക്കണം.സർക്കാർ ഉദ്യോഗസ്ഥർക്ക് 800555 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചന്വേഷിക്കാമെന്ന് അബൂദബി സർക്കാർ അറിയിച്ചു.
മന്ത്രാലയ- ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ്
മന്ത്രാലയങ്ങൾ, ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് അനുവദിക്കും. ആദ്യ ആഴ്ചയിലാണ് ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറൽ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിൽ അയക്കുന്നതിനും കുടുംബ ഐക്യം വർധിപ്പിക്കുന്നതിനും നഴ്‌സറി, കിൻറർഗാർട്ടൻ ക്ലാസുകളിലെ കുട്ടികൾക്ക് മാനസികവും ധാർമികവുമായ പിന്തുണ നൽകുന്നതിനും രക്ഷിതാക്കൾക്ക് ഈ സമയം പ്രയോജനപ്പെടുത്താം. രക്ഷാകർതൃ കൗൺസിൽ യോഗം, ബിരുദദാന അവസരങ്ങൾ, രക്ഷാകർതൃ മീറ്റിങ്ങുകൾ എന്നിവയിൽ പങ്കെടുക്കാനും കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും മൂന്നു മണിക്കൂർ വരെ ജോലിയിൽനിന്ന് വിട്ടുനിൽക്കാൻ അനുമതി കൊടുക്കാമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറൽ ഹ്യൂമൻ റിസോഴ്സസ് വ്യക്തമാക്കി.
ദുബൈയിൽ കിൻറർഗാർട്ടൻ മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന വനിത ജീവനക്കാർക്കാണ് വിദൂര ജോലിക്കുള്ള സൗകര്യം അനുവദിക്കുക. സ്‌കൂളുകൾ അംഗീകരിച്ച പഠന ഷെഡ്യൂളിനെ അടിസ്ഥാനമാക്കി കുട്ടികൾക്ക് വിദൂര വിദ്യാഭ്യാസം ലഭിക്കുന്ന ദിവസങ്ങളിൽ മാത്രമാണ് ഈ സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.