ആഘോഷമായി അറ്റ്ലസ് ബിരുദദാന ചടങ്ങ്
text_fieldsദുബൈ: അറ്റ്ലസ് ഗ്രൂപ് ഓഫ് ഇന്സ്റ്റിറ്റ്യൂഷൻസിന്റെ ബിരുദദാന ചടങ്ങ് ദുബൈ ഗ്രാൻഡ് ഹയാത്തിൽ നടന്നു. വിവിധ രാജ്യങ്ങളിലെ അക്കാദമിക് വിദഗ്ധരും പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിച്ചു. ഷാർജ രാജകുടുംബാംഗം ശൈഖ് ഹുമൈദ് റാഷിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. യു.കെ, മലേഷ്യ, സ്വിറ്റ്സർലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലെ പ്രശസ്ത സർവകലാശാലകളിൽനിന്നും അവാർഡിങ് ബോഡികളിൽനിന്നും കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. പരമ്പരാഗത അക്കാദമിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർഥികളും മുതിർന്ന വിദ്യാഭ്യാസ വിദഗ്ധരും വിശിഷ്ട വ്യക്തികളും അടങ്ങുന്ന ഘോഷയാത്രയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
ഇവരെ എ.ജി.ഐ ഡയറക്ടർ അഖിൽ സതീഷ് സ്വാഗതം ചെയ്തു. ചെയർമാൻ മുഹമ്മദ് മുൻസീർ, സി.ഇ.ഒ പ്രമീളാ ദേവി എന്നിവർ എ.ജി.ഐയുടെ ചരിത്രവും ദൗത്യവും അവതരിപ്പിച്ചു. എല്ലാ വിഭാഗക്കാർക്കും താങ്ങാനാവുന്ന ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സേവനങ്ങൾ നൽകാൻ കഴിയുന്നതിൽ സംതൃപ്തിയുണ്ടെന്ന് മുഹമ്മദ് മുൻസീർ പറഞ്ഞു. ശൈഖ് ഹുമൈദ് റാഷിദ് ഹുമൈദ് അബ്ദുല്ല അൽ ഖാസിമി, മലേഷ്യയിലെ ഓപ്പൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അഹമ്മദ് ഇസാനി അവാങ്, യു.കെയിലെ ആംഗ്ലിയ റസ്കിൻ യൂനിവേഴ്സിറ്റി ഇന്റർനാഷനൽ പാർട്ണർഷിപ്സ് ഡയറക്ടർ ഡോ. സൈമൺ ഇവാൻസ്, പാൻ ആഫ്രിക്കൻ ചേംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ കെബോർ ഗെന്ന എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടന്നു.
അറ്റ്ലസിന്റെ വളർച്ചയിൽ സജീവമായി സഹകരിച്ച എ.ജി.ഐ ജീവനക്കാർക്ക് അവാർഡുകളും മെമന്റോകളും സമ്മാനിച്ചു. എ.ജി.ഐയിലെ ബിരുദധാരിയായ ഫാത്തിമ സലിം, അലി മഹ്ദി മിത്വാനി എന്നിവർ അധ്യാപകർക്കും രക്ഷിതാക്കൾക്കും നന്ദി അറിയിച്ചു. യു.എ.ഇയിൽ ആംഗ്ലിയ റസ്കിൻ യൂനിവേഴ്സിറ്റിയുടെ പ്രോഗ്രാമുകൾ അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി ചേർന്ന് ഉടൻ ആരംഭിക്കുമെന്ന് ആംഗ്ലിയ റസ്കിൻ യൂനിവേഴ്സിറ്റി ഇന്റർനാഷനൽ പാർട്ണർഷിപ് ഡയറക്ടർ ഡോ. സൈമൺ ഇവാൻസ് പറഞ്ഞു. നിർമിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും കാലഘട്ടത്തിൽ ഓരോ വ്യക്തിയുടെയും വികസനോന്മുഖമായ അഭിരുചികൾ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന മനുഷ്യ ഇടപെടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓപറേഷൻസ് ഡയറക്ടർ ജുനൈദ് നികത്തുതറ പറഞ്ഞു. എ.ജി.ഐ ഡയറക്ടർ സച്ചിൻ പാട്ടീൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.