ലോക സർക്കാർ ഉച്ചകോടിക്ക് പ്രൗഢ തുടക്കം
text_fieldsദുബൈ: 11ാമത് ലോക സർക്കാർ ഉച്ചകോടിക്ക് തിങ്കളാഴ്ച രാവിലെ ദുബൈയിൽ തുടക്കമായി. കനത്ത മഴ പെയ്ത ദിവസമായിട്ടും മുൻ നിശ്ചയിച്ച പ്രകാരം ആരംഭിച്ച ഉച്ചകോടിയിൽ യു.എ.ഇ മന്ത്രിസഭാകാര്യ മന്ത്രിയും സമ്മിറ്റിന്റെ ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവിയാണ് ആമുഖ ഭാഷണം നടത്തിയത്.
ലോകം മുൻഗണനകൾ പുനർവിചിന്തനം ചെയ്യണമെന്നും യോജിപ്പോടെ മുന്നോട്ടുപോകാൻ സാധിക്കുന്ന ഗുണകരമായ കാര്യങ്ങളിൽ ശ്രദ്ധയൂന്നണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രം പരിശോധിക്കുകയാണെങ്കിൽ നാമിപ്പോൾ ജീവിക്കുന്നത് ഏറ്റവും സുരക്ഷിതവും മികച്ചതും സമ്പന്നവുമായ യുഗത്തിലാണ്.വൈദ്യശാസ്ത്രത്തിലെ പുരോഗതി കാരണം മനുഷ്യന്റെ ആയുസ്സ് ഇരട്ടിയായിരിക്കുകയാണ്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ എണ്ണം വെറും 20 വർഷത്തിനുള്ളിൽ പകുതിയായി കുറഞ്ഞു. പ്രതിമാസം 120,000 പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുന്നു.
അമിതമായ ശുഭാപ്തി വിശ്വാസമോ വ്യാമോഹമോ ഇല്ലാതെ, നമ്മുടെ വിധി രൂപപ്പെടുത്തുന്നതിന് ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ നാം ശ്രദ്ധ കേന്ദ്രീകരിക്കണം -അദ്ദേഹം കൂട്ടിച്ചേർത്തു.120 രാജ്യങ്ങളിലെ സർക്കാർ പ്രതിനിധികളും 25 രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇത്തവണ ഇന്ത്യ, ഖത്തർ, തുർക്കിയ എന്നിവ അതിഥി രാജ്യങ്ങളാണ്. 85 അന്താരാഷ്ട്ര, പ്രദേശിക കൂട്ടായ്മകളും ഉച്ചകോടിയുടെ ഭാഗമാണ്. 110 സംവാദങ്ങൾ, 200 ആഗോള പ്രഭാഷകരുടെ സംസാരങ്ങൾ, 300 മന്ത്രിമാരുടെ പങ്കാളിത്തം, 4,000 പ്രതിനിധികൾ എന്നിങ്ങനെ വിപുലമായ രീതിയിലാണ് ഉച്ചകോടി ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.
ഇരുവരും ബുധനാഴ്ചയാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്.ചൊവ്വാഴ്ച ഉച്ചകോടിയിൽ സംസാരിച്ച ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, മഹാമാരികളെ നേരിടാൻ അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന് ആവശ്യപ്പെട്ടു.
2018ൽ ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുത്ത് ലോകം ഒരു മഹാമാരിയെ നേരിടാൻ സന്നദ്ധമായിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.രണ്ടുവർഷത്തിനകം മഹാമാരി പിടികൂടി. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്ത കോവിഡിനുശേഷം വീണ്ടും ഈ വേദിയിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ, മഹാമാരിയെ നേരിടാൻ ലോകം ഒരുങ്ങിയിട്ടില്ലെന്ന് പറയാനാകും.
അനുഭവങ്ങളിൽ പാഠം ഉൾക്കൊള്ളാൻ നമുക്ക് സാധിച്ചില്ലെങ്കിൽ അടുത്ത തവണയും നാം വലിയ വിലകൊടുക്കേണ്ടിവരും -അദ്ദേഹം കൂട്ടിച്ചേർത്തു.‘ഭാവി ഗവൺമെൻറുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് ഇത്തവണ ഉച്ചകോടി അരങ്ങേറുന്നത്.
ഇന്ത്യയടക്കം അതിഥി രാജ്യങ്ങൾ തങ്ങളുടെ വിജയകരമായ സർക്കാർ സംവിധാനങ്ങളും അനുഭവങ്ങളും ഉച്ചകോടിയിൽ പങ്കുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.