റാക് ആര്‍ട്ട് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം
text_fieldsറാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും വലിയ ഔട്ട് ഡോര്‍ ആര്‍ട്സ് ആൻഡ് കൾചറല്‍ ഉത്സവമായ റാക് ആര്‍ട്ട് ഫെസ്റ്റിവലിന് ഉജ്ജ്വല തുടക്കം. റാക് ജസീറ അല്‍ ഹംറയിലെ പുരാതന കുടിയേറ്റ പട്ടണം കേന്ദ്രീകരിച്ച് നടക്കുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി ഉദ്ഘാടനം ചെയ്തു. സംസ്കാരവും കലകളും സമൂഹ സൃഷ്ടിപ്പില്‍ അവിഭാജ്യ ഘടകമാണെന്ന് ശൈഖ് സഊദ് പറഞ്ഞു. രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ കല സാര്‍വത്രിക ഭാഷയായി വര്‍ത്തിക്കുന്നു. സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മഹത്തായ സന്ദേശത്തിന്റെ വിളംബരം കൂടിയാണ് റാക് ആര്‍ട്ട് ഫെസ്റ്റിവലെന്നും ശൈഖ് സഊദ് അഭിപ്രായപ്പെട്ടു.
ലോക പ്രതിഭകളുടെ പങ്കാളിത്തത്തോടെ വര്‍ഷന്തോറും നടന്നുവരുന്ന റാസല്‍ഖൈമ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലിന്റെ 12ാമത് പതിപ്പിന് റാസല്‍ഖൈമ ആര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഫെബ്രുവരി 29 വരെ ഫെസ്റ്റിവല്‍ തുടരും. 30 കലാകാരന്മാരെ പങ്കെടുപ്പിച്ച് 2013ലാണ് റാസല്‍ഖൈമ ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലിന് തുടക്കമായത്. ചിത്രകലാ പ്രേമികളുടെയും ആസ്വാദകരുടെയും മനം നിറക്കുന്നതാണ് റാക് ആര്‍ട്ട് ഫെസ്റ്റിവലിലെ സുകുമാര കലകള്‍. പ്രകൃതി, സാംസ്കാരിക പൈതൃകം, സര്‍ഗാത്മക കാഴ്ചപ്പാടുകള്‍, പരിസ്ഥിതി, പാചക അനുഭവങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ആവിഷ്കാരങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 13 വര്‍ഷം മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ സര്‍ഗാത്മക ഉത്സവത്തില്‍ ഇക്കുറി 30ഓളം രാജ്യങ്ങളില്‍ നിന്നായി 106 കലാകാരന്മാരുടെ പങ്കാളിത്തമുണ്ട്.
ലോക രാജ്യങ്ങളിലെ കലാകാരന്മാര്ക്കൊപ്പം ഇന്ത്യന്‍ പ്രതിഭകളുടെയും ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കല, പൈതൃക സംവാദം, വളര്‍ത്തുമൃഗങ്ങളെ കേന്ദ്രീകരിച്ചുള്ള പരിപാടികള്‍, വാരാന്ത്യ പരിപാടികള്‍, ചിത്രകല ശില്പശാലകള്, സംഗീത വിരുന്ന്, ചലച്ചിത്ര പ്രദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളും റാക് ആര്‍ട്ട് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.