അൽഭുതപ്പെടുത്തുന്ന കാഴ്ചകൾ ഒളിപ്പിച്ചുവെച്ച് ഇന്ത്യൻ പവലിയൻ
text_fieldsഎക്സ്പോ 2020യിലെ ഏറ്റവും ശ്രദ്ധേയമായ പവലിയനാകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ പവലിയൻ. അൽഭുതപ്പെടുത്തുന്ന കാഴ്ചകൾ ഒളിപ്പിച്ചുവെച്ച ഈ നാലുനില കെട്ടിടത്തിെൻറ നിർമാണം സെപ്റ്റംബർ ആദ്യം പൂർണമാകും. ചിരപുരാതനമായ ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുകയും, സ്വാതന്ത്രത്തിെൻറ 75ാം വാർഷികം ആഘോഷിക്കുന്ന സാഹചര്യത്തിലെ എക്സ്പോ എന്ന നിലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
പവലിയെൻറ പുറംഭാഗം 600വർണാഭമായ ബ്ലോക്കുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പലഭാഗങ്ങളിലേക്ക് നീങ്ങുന്ന ഈ ബ്ലോക്കുകൾ 'മുന്നേറുന്ന ഇന്ത്യ' എന്ന ആശയത്തിലാണ് പടുത്തത്. പവലിയൻ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ വിവിധ സോണുകളിലായി 11വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രദർശനങ്ങളും പരിപാടികളും അരങ്ങേറും. കാലാവസ്ഥയും ജൈവവൈവിധ്യവും, ബഹിരാകാശം, നഗര-ഗ്രാമവികസനം, സഹിഷ്ണുതയും ഉൾക്കൊള്ളലും, സുവർണ ജൂബിലി, അറിവും പഠനവും, യാത്രയും ബന്ധുത്വവും, ആഗോള ലക്ഷ്യങ്ങൾ, ആരോഗ്യവും ക്ഷേമവും, ഭക്ഷ്യ-കൃഷി മേഖല, ഉപജീവനം, വെള്ളം എന്നിങ്ങനെയാണ് തീമുകൾ.
കോവിഡ് മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ലോകം പതിയെ ഉണരുന്ന സന്ദർഭത്തെ അടയാളപ്പെടുത്തുന്ന മേളയിൽ ഇന്ത്യയിലെ ഭാവി സാധ്യതകളും പ്രദർശിപ്പിക്കപ്പെടും. ഇന്ത്യയുടെ ബിസിനസ്, ടെക്നോളജിക്കൽ, സാംസ്കാരിക, കല, നേതൃത്വം എന്നീ മേഖലകളിൽ മുന്നേറ്റം പ്രദർശനത്തിൽ ഇടം നേടും. വികസന മുന്നേറ്റത്തിനായി രൂപപ്പെടുത്തിയ 'മേക് ഇൻ ഇന്ത്യ', 'ഡിജിറ്റൽ ഇന്ത്യ', 'സ്റ്റാർട്അപ്പ് ഇന്ത്യ' തുടങ്ങിയ കാമ്പയിനുകളും പരിചയപ്പെടുത്തും. ഇന്ത്യയിെല ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സംഭാഷണം, അന്താരാഷ്ട്രവ്യാപാര സമ്മേളനങ്ങൾ, സെമിനാറുകൾ എന്നിവ പരിപാടികളിൽ ഇടംനേടും.
ലോകപ്രശസ്ത ഇന്ത്യൻ കലാകാരൻമാർ അണിനിരക്കുന്ന കലാനിശകൾ, വൈവിധ്യങ്ങൾ അടയാളപ്പെടുത്തുന്ന സാംസ്കാരിക പരിപാടികൾ, വിവിധ ഇന്ത്യൻ ആഘോഷങ്ങൾ, ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിൽപനയും എന്നിവയും എക്സ്പോ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആറുമാസം നീളുന്ന എക്സ്പോയിൽ വിവിധ സന്ദർഭങ്ങളിലായി ഉന്നത ഭരണനേതൃത്വങ്ങൾ സന്ദർശനത്തിനെത്തുകയും ചെയ്യും. പവലിയെൻറ ലോഗോ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ചക്രത്തിെൻറ രൂപത്തിലുള്ള ലോഗോ ഇന്ത്യയുടെ വളർച്ചയെ പ്രതീകവൽകരിക്കുന്നതാണ്. ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളാണ് ഇതിന് സ്വീകരിച്ചിട്ടുള്ളത്. പവലിയനെ കുറിച്ച വിവരങ്ങൾ അറിയുന്നതിന് Indiaexpo2020.com എന്ന വെബ്സൈറ്റും പ്രവർത്തനക്ഷമമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.