അൽ ഖാസിമിയ്യ യൂനിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥികൾക്ക് മിന്നുംജയം
text_fieldsഷാർജ: ഷാർജ അൽ ഖാസിമിയ്യ യൂനിവേഴ്സിറ്റിയിലെ മലയാളി വിദ്യാർഥികൾക്ക് മിന്നും ജയം. മർക്കസ് വിദ്യാർഥികളായ ഉബൈദ് വെണ്ണിയോട്, അഹ്മദ് മുഷ്താഖ് താജുദ്ദീൻ ആറളം, ഷഫീഖ് പള്ളിക്കുറുപ്പ് (നാലുപേരും അറബിക് സാഹിത്യം), മുഹമ്മദ് ഓമശ്ശേരി (ഇസ്ലാമിക് സ്റ്റഡീസ്), നുഅമാൻ കണിയാമ്പറ്റ (ഹോളി ഖുർആൻ) എന്നിവർ ഒന്നാം റാങ്ക് നേടി. 92ഓളം രാജ്യങ്ങളിലെ വിദ്യാർഥികൾ ബിരുദ പഠനം നടത്തുന്ന ഷാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ മർക്കസിലെ നിരവധി വിദ്യാർഥികളാണ് പഠിക്കുന്നത്. റാങ്കുകാർക്ക് പുറമെ 11 മർകസ് വിദ്യാർഥികൾ കൂടി ബിരുദ പഠനത്തിൽ ഉന്നത വിജയം നേടി. അബൂബക്കർ സാബിത് എളേറ്റിൽ, സുഹൈൽ കാക്കവയൽ, മുഹമ്മദ് ഉനൈസ് അലി, അൻസാർ അസൈനാർ ഉപ്പട, സുഹൈൽ മടവൂർ, അബ്ദുല്ല ബാദുഷ പാറപ്പള്ളി എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അൽ ഖാസിമിയ യൂനിവേഴ്സിറ്റിയുമായി കാരന്തൂർ മർകസ് ഒപ്പുവെച്ച അക്കാദമിക് സഹകരണ കരാറിന്റെ അടിസ്ഥാനത്തിൽ 2015 മുതൽ കാരന്തൂർ മർകസിൽനിന്നും ഉപരിപഠനത്തിനായി വിദ്യാർഥികൾ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽ പഠനം നടത്തുന്നുണ്ട്. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സ്കോളർഷിപ്പോടെയാണ് പഠനം. ഷാർജ യൂനിവേഴ്സിറ്റി ഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ യൂനിവേഴ്സിറ്റി ചെയർമാൻ ജമാൽ സാലിം തരീഫി, ചാൻസലർ ഡോ. അവാദ് ഖലഫ് തുടങ്ങിയവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ രാജ്യങ്ങളിലെ 235 വിദ്യാർഥികൾക്കാണ് കോൺവൊക്കേഷനിൽ ബിരുദം നൽകിയത്.
കോളജ് ഓഫ് ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ്, കോളജ് ഓഫ് ആർട്സ് ആൻഡ് ഹുമാനിറ്റീസ്, കോളജ് ഓഫ് ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, കോളജ് ഓഫ് കമ്യൂണിക്കേഷൻ, കോളജ് ഓഫ് ഹോളി ഖുർആൻ എന്നിവയാണ് ഇവിടെയുള്ളത്. വിദ്യാർഥികളെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, മർകസ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, മർകസ് യു.എ.ഇ കോഓഡിനേറ്റർ ഡോ. നാസർ വാണിയമ്പലം തുടങ്ങിയവർ അഭിനന്ദിച്ചു.
ഈ റാങ്കിന് തിളക്കമേറെ
അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ അഹ്മദ് മുഷ്താഖിന്റെ റാങ്കിന് ഇരട്ടിത്തിളക്കമാണ്. കാസർകോട് ജാമിഅ സഅദിയ അറബിയ യതീംഖാന പൂർവ വിദ്യാർഥി കൂടിയായ മുശ്താഖ്, അബൂദബിയിൽ ആകസ്മികമായി മരിച്ച കർന്നൂർ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ മകനാണ്.
മുഷ്താഖ് ഉൾപ്പെട്ട അനാഥ കുട്ടികളെ എം.എ. ഉസ്താദിന്റെ പ്രത്യേക നിർദേശ പ്രകാരം സഅദിയ്യ ഏറ്റെടുക്കുകയും വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുകയുമായിരുന്നു. മുഷ്താഖും സഹോദരങ്ങളും ചെറുപ്രായത്തിൽതന്നെ പഠനരംഗത്ത് മികവ് തെളിയിച്ചിരുന്നു.
ഓൾ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസ തലത്തിൽ സംഘടിപ്പിച്ച പൊതുപരീക്ഷയിൽ കേരളത്തിൽ അഞ്ചിലും ഏഴിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഷ്താഖ് നാട്ടിലെ മികവ് ഷാർജയിലും ആവർത്തിക്കുകയായിരുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ മുഷ്താഖിന് കലാ രംഗത്തും എസ്.എസ്.എഫ് സാഹിത്യോത്സവങ്ങളിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. മുഷ്താഖിന്റെ ഇളയ സഹോദരൻ ഹാഫിസ് മഹമൂദ് സാബിഖ് ഇതേ യൂനിവേഴ്സിറ്റിയിൽ ഖുർആൻ അടിസ്ഥാനമാക്കി ഉന്നത പഠനം നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.