എക്സ്പോ നഗരിയിൽ ആരോഗ്യ സുരക്ഷക്ക് വൻ സംവിധാനം
text_fieldsദുബൈ: കോവിഡ് മഹാമാരിയുടെ ആശങ്ക പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ എക്സ്പോ 2020 ദുബൈയിൽ എല്ലാ ആരോഗ്യസുരക്ഷ മുൻകരുതലും സ്വീകരിക്കും.
2.5 കോടി സന്ദർശകരെത്തുന്ന ആറുമാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വാക്സിനേഷൻ നിബന്ധനയില്ല. എന്നാൽ എക്സ്പോയിലെ എല്ലാ ഭാഗങ്ങളിലും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള സംവിധാനങ്ങളുണ്ടാകും. വിവിധ രാജ്യങ്ങളിൽനിന്ന് മേളക്ക് എത്തിയ ഒഫീഷ്യലുകൾ യു.എ.ഇ സ്വീകരിച്ച മുൻകരുതലുകളിൽ സന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്.
എക്സ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ തെർമൽ കാമറകൾ സജ്ജീകരിച്ച് സന്ദർശകരുടെ താപനില പരിശോധിക്കും. താപനിലയിൽ അസാധാരണത്വം ഉള്ളവരെ പ്രവേശനത്തിന് അനുവദിക്കില്ല. എക്സ്പോയിലെ എല്ലാ സ്ഥലങ്ങളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. ആളുകൾ സാമൂഹിക അകലം പാലിക്കുന്നതിന് നിർദേശം നൽകും. എക്സ്പോക്ക് അകത്തെ പൊതുസ്ഥലങ്ങളും വേദികളും തുടർച്ചയായി വൃത്തിയാക്കാനും സാനിറ്റെസ് ചെയ്യാനും സംവിധാനമുണ്ട്. നഗരിയിൽ എല്ലായിടത്തും കൈ സാനിറ്റൈസ് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും.ഭക്ഷണം കഴിക്കുന്നിടങ്ങളിൽ ടേബ്ളുകൾ കൃത്യമായ അകലം പാലിച്ചായിരിക്കും ഇടുക. മുൻകൂട്ടി നിശ്ചയിച്ചതിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുകയില്ല. പ്രദർശനങ്ങൾ കാണുന്നിടങ്ങളിലും കലാപരിപാടികൾ നടക്കുന്നിടങ്ങളിലും അകലം പാലിക്കാൻ കൃത്യമായി നിർദേശമുണ്ടാകും.സന്ദർശകർ വാക്സിൻ സ്വീകരിക്കണമെന്ന് നിബന്ധനയില്ലെങ്കിലും ഒഫീഷ്യൽസ് നിർബന്ധമായും രണ്ടു വാക്സിനും എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. നഗരിയിൽ ആർക്കെങ്കിലും ആരോഗ്യ പ്രയാസങ്ങളുണ്ടായാൽ ചികിത്സിക്കുന്നതിന് മൂന്ന് ലോകനിലവാരമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ കോവിഡ് പരിശോധനക്കും സൗകര്യമുണ്ടായിരിക്കും. ഗതാഗതസൗകര്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ഓരോ യാത്രക്കുശേഷവും സാനിറ്റൈസ് ചെയ്യും. വിപുലമായ ഈ സൗകര്യങ്ങളിലൂടെ സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാവുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.