സുരക്ഷ മേഖലയിൽ ബ്രിട്ടനുമായി കൂടുതൽ സഹകരണം
text_fieldsദുബൈ: സുരക്ഷ മേഖലയിൽ കൂടുതൽ വിപുലമായ സഹകരണത്തിന് ആവശ്യമായ വഴികൾ ചർച്ച ചെയ്ത് യു.എ.ഇയും യു.കെയും. ബ്രിട്ടീഷ് ഹോം ഓഫിസ് പ്രതിനിധി സംഘത്തിന്‍റെ ദുബൈയിലെ സന്ദർശനത്തോടനുബന്ധിച്ചാണ് ഇരു രാജ്യങ്ങളിലെ വിദഗ്ധർ കൂടിക്കാഴ്ച നടത്തിയത്. ആഗോള തലത്തിലും പ്രാദേശികമായും സുരക്ഷ വ്യവസായത്തിലെ മികച്ച ആശയങ്ങൾ കൈമാറുന്നതിന് കൂടിക്കാഴ്ചയിൽ ധാരണയായി. ദുബൈയിലെ സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റി(സിറ)യിലാണ് ബ്രിട്ടീഷ് സംഘം എത്തിയത്.
ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥരും ബ്രിട്ടീഷ് ഹോം ഓഫിസ് പ്രതിനിധി സംഘത്തോടൊപ്പം സന്ദർശനത്തിലുണ്ടായിരുന്നു. സുരക്ഷ മേഖലയിൽ 'സിറ' ലഭ്യമാക്കുന്ന നിരവധിയായ സേവനങ്ങളും നൂതനമായ പദ്ധതികളും സംഘം നിരീക്ഷിച്ചു. ഏറ്റവും പുതിയ സുരക്ഷ പരിശീലന കോഴ്സുകൾ വികസിപ്പിക്കുന്ന സുരക്ഷ പരിശീലനകാര്യ വകുപ്പും ഇവർ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വീക്ഷിക്കുകയും ചെയ്തു. ദുബൈയിലെ ബിസിനസുകളെ സഹായിക്കുന്നതിന് ശ്രമത്തിൽ പ്രഫഷനലായി പരിശീലനം ലഭിച്ചതും ഉയർന്ന യോഗ്യതയുള്ളതുമായ സുരക്ഷ കേഡറുകളെ ലഭ്യമാക്കുന്ന കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.
കൂടിക്കാഴ്ചയിൽ രണ്ട് സ്ഥാപനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനുതകുന്ന ഭാവി അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. സുരക്ഷ സുപ്രധാന മുൻഗണനയാണെന്നും അതിനാൽ ഈ വ്യവസായം മെച്ചപ്പെടാൻ എല്ലാ സർക്കാറുകളുമായും സ്ഥാപനങ്ങളുമായും സഹകരണം സ്വാഗതം ചെയ്യുന്നതായും സന്ദർശന ശേഷം 'സിറ' സി.ഇ.ഒ ഖലിഫ ഇബ്രാഹിം അൽ സലീസ് പ്രസ്താവിച്ചു. ദുബൈയിലെ സുരക്ഷ സംവിധാനങ്ങളുടെ മികവിനെ ബ്രിട്ടീഷ് സംഘം അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.