ഹരിത ബസ്; അബൂദബിക്ക് പുരസ്കാരം
text_fieldsഅബൂദബി: ഗ്രീന്‍ബസ് പദ്ധതിയുടെ ഭാഗമായി പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയ അബൂദബി മൊബിലിറ്റിക്ക് 2024ലെ സസ്റ്റയ്നബിലിറ്റി ഇന്നവേഷന്‍ അവാര്‍ഡ്. ഈ വര്‍ഷത്തെ സുസ്ഥിര ഇലക്ട്രിക് ബസ് വിഭാഗത്തിലാണ് അബൂദബി മൊബിലിറ്റിക്ക് പുരസ്കാരം ലഭിച്ചത്. പാരിസ്ഥിതിക സംരക്ഷണത്തെ സഹായിക്കുന്നതും സാമ്പത്തിക, സാമൂഹിക വികസനത്തിന് പിന്തുണ നല്‍കുന്നതുമായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള അംഗീകാരമായാണ് പുരസ്കാരം നല്‍കുന്നത്.
പുരസ്കാര നേട്ടം അബൂദബിയുടെ ഹരിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യുന്ന നവീകരണത്തിനും സംരംഭങ്ങളുടെ വികസനത്തിനും ഉത്തേജകമാകുമെന്ന് അബൂദബി മൊബിലിറ്റി അധികൃതർ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യകളും ഫലപ്രദമായ പാരിസ്ഥിതിക രീതികളും അവലംബിച്ച് സുസ്ഥിര ഗതാഗതത്തില്‍ തങ്ങളുടെ നേതൃസ്ഥാനം വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച അബൂദബി മൊബിലിറ്റി, ഇതിലൂടെ എമിറേറ്റിന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ക്കനുസൃതമായി സുസ്ഥിര ഭാവി കൈവരിക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ഹൈഡ്രജന്‍, ഇലക്ട്രിക് സാങ്കേതികവിദ്യകളുപയോഗപ്പെടുത്തിയാണ് അബൂദബി മൊബിലിറ്റി പൊതുഗതാഗതത്തിനായി ഗ്രീന്‍ ബസ് പദ്ധതിയിലൂടെ നഗരത്തില്‍ ഇലക്ട്രിക്, ഹൈഡ്രജന്‍ ഊര്‍ജത്തിലോടുന്ന ബസുകള്‍ സര്വിസിനിറക്കിയത്. അബൂദബി നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പൗരന്മാര്ക്കും പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ ലഭ്യമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.