അബൂദബിയില്‍ ഹരിത ബസുകള്‍ ഓട്ടം തുടങ്ങി
text_fieldsഅബൂദബി: ഗ്രീന്‍ ബസ് സര്‍വിസിന് അബൂദബിയില്‍ തുടക്കമായി. ഹൈഡ്രജനിലും വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഹരിത ബസുകള്‍ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങിയതായി സംയോജിത ഗതാഗത കേന്ദ്രമായ അബൂദബി മൊബിലിറ്റി അറിയിച്ചു.
2030ഓടെ അബൂദബിയെ പൊതുഗതാഗത ഹരിത മേഖലയായി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എഡി മൊബിലിറ്റി ആവിഷ്കരിച്ച ഗ്രീന്‍ ബസ് പദ്ധതിയിലെ സുപ്രധാന ചുവടുവെപ്പാണ് നടപ്പാക്കിയിരിക്കുന്നത്. മറീന മാള്‍, അല്‍ റീം ദ്വീപിലെ ഷംസ് ബൂട്ടിക് എന്നിവകള്ക്കിടയിലെ റൂട്ട് 65ലാണ് പുതിയ ഗ്രീന്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത്.
സര്‍വിസ് നടത്തി ബസുകളുടെ പ്രകടനം വിലയിരുത്തിയശേഷം കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാനും കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സര്‍വിസ് നടത്താനുമാണ് അധികൃതരുടെ നീക്കം. നിലവിൽ ഡീസലിലോടുന്ന പൊതുഗതാഗത ബസുകളൊക്കെ പുനരുപയോഗ ഊര്ജത്തിലോടുന്നവയാക്കി മാറ്റി കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കുകയാണ് ലക്ഷ്യം.
2023 നവംബറില്‍ ആരംഭിച്ച ഗ്രീന്‍ ബസ് പദ്ധതിയുടെ വിലയിരുത്തല്‍ 2025 ജൂണില്‍ സമാപിക്കും. ഇതിനിടെ ഡ്രൈവര്‍മാര്‍ അടക്കമുള്ള ബസ് ഓപറേറ്റര്‍മാര്‍ക്ക് ആവശ്യമായ എല്ലാ പരിശീലനങ്ങളും എഡി മൊബിലിറ്റി നല്‍കും.
ബസുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും അവ പരിശോധിക്കുന്നതിനുമുള്ള പരിശീലനം ടെക്നീഷ്യന്മാര്ക്കും നല്കിക്കൊണ്ടിരിക്കും. ഇത്തരം വാഹനങ്ങളിലൂടെ ഭാവിയില്‍ ഒരുലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ മാലിന്യം ഇല്ലാതാക്കാനാവുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
ഹരിത പൊതുഗതാഗത ലക്ഷ്യത്തിന്റെ ഭാഗമായാണ് തലസ്ഥാന നഗരയില്‍ ഹൈഡ്രജന്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത്. 2030ഓടെ അബൂദബിയിലെ പൊതുഗതാഗതത്തിന്റെ 20 ശതമാനവും ഹരിതവത്കരിക്കുകയാണ് ലക്ഷ്യം. 2050ഓടെ ഇത് 100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി മാറ്റാനാവുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ യാത്രക്കൂലിയാണ് ഇതിനും ബാധകമാവുക.
ബസ് ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി കൊണ്ടുവരുന്ന ഹൈഡ്രജന്‍ ബസുകളില്‍നിന്ന് നീരാവി മാത്രമാവും പുറന്തള്ളുക. ഹൈഡ്രജന്‍, ഇലക്ട്രിക് ബസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും മറ്റും പഠിക്കാന്‍ ഇമാറാത്തി എന്‍ജിനീയര്‍മാരെ ചൈനയിലേക്കും ദക്ഷിണ കൊറിയയിലേക്കും നേരത്തേ അയച്ചിരുന്നു.
520 കിലോമീറ്റര്‍ ദൂരം ഓരോ ബസും ദിവസം പിന്നിടും. ഇലക്ട്രിക് ബസുകളുടെ ഉപയോഗത്തിലൂടെ പ്രതിദിനം 3.7 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.