അബൂദബിയിൽ മാളുകളിലും ഹോട്ടലുകളിലും ഗ്രീൻ പാസ് നിർബന്ധം
text_fieldsദുബൈ: ആഘോഷ വേളകളിലും പൊതുപരിപാടികളിലും പങ്കെടുക്കണമെങ്കിൽ അൽ ഹൊസൻ ആപ്പിൽ പച്ച നിറം തെളിയണമെന്ന നിബന്ധനക്ക് അബൂദബി ദുരന്ത നിവാരണ സമിതി അംഗീകാരം നൽകി. ഈ മാസം 15 മുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. വാക്സിനെടുത്തവർക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവാകുന്നവർക്കുമാണ് അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്.
ഷോപിങ് മാൾ, വലിയ സൂപ്പർമാർക്കറ്റുകൾ, ഹോട്ടൽ, പൊതുപാർക്ക്, ബീച്ച്, സ്വകാര്യ ബീച്ച്, സ്വിമ്മിങ് പൂൾ, തീയറ്റർ, മ്യൂസിയം, റെസ്റ്റാറൻറ്, കഫെ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി കയറാൻ ഗ്രീൻ പാസ് ഉപയോഗിക്കാമെന്ന് ദുരന്ത നിവാരണ സമിതി ട്വിറ്ററിൽ അറിയിച്ചു. 16 വയസിൽ കൂടുതൽ പ്രായമുള്ളവർക്ക് ഇത് ബാധകമാണ്.
ഗ്രീൻപാസ് സംവിധാനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നെങ്കിലും പ്രാബല്യത്തിലായിരുന്നില്ല. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് 28 ദിവസം കഴിഞ്ഞ് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവായാലാണ് ഗ്രീൻ പാസ് ലഭിക്കുക. 30 ദിവസത്തേക്കാണ് പച്ച നിറം കാണിക്കുക. ഈ കാലാവധി കഴിഞ്ഞാൽ ചാര നിറമാകും. വീണ്ടും കോവിഡ് പരിശോധന നടത്തിയാൽ മാത്രമെ ഗ്രീൻ പാസ് ലഭിക്കൂ.
രണ്ടാമത്തെ ഡോസ് ലഭിച്ച് 28 ദിവസം തികയാത്തവർ പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവായാൽ 14 ദിവസം ഗ്രീൻ പാസ് ലഭിക്കും. ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്തവർക്ക് ഏഴ് ദിവസം പച്ച നിറം തെളിയും. ആദ്യ ഡോസ് സ്വീകരിച്ചവർ രണ്ടാം ഡോസിനായി 42 ദിവസത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിൽ മൂന്ന് ദിവസമാണ് ഗ്രീൻ പാസ് ലഭിക്കുക. വാക്സിനേഷൻ എടുക്കേണ്ടതില്ല എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ഏഴ് ദിവസം ഗ്രീൻ പാസ്. വാക്സിൻ സ്വീകരിക്കാത്തവർക്ക് മൂന്ന് ദിവസവുമാണ് പച്ച നിറം കാണിക്കുക. പി.സി.ആർ പരിശോധന നടത്തിയാൽ മാത്രമെ ഈ ദിവസങ്ങളിലും ഗ്രീൻ പാസ് ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.