ആർ.ടി.എയുടെ സുസ്ഥിര നടപടികൾക്ക് ഗ്രീൻ വേൾഡ് അവാർഡ്
text_fieldsദുബൈ: റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) ‘റൂട്ട് 2020 പദ്ധതി’ക്ക് യു.കെ ആസ്ഥാനമായുള്ള ദി ഗ്രീൻ ഓർഗനൈസേഷന്റെ ഗ്രീൻ വേൾഡ് അവാർഡ്. ഗ്ലോബൽ ഗോൾഡ് വിന്നർ വിഭാഗത്തിലാണ് അവാർഡ് കരസ്ഥമാക്കിയത്. പാരിസ്ഥിതിക പ്രകടനം, ഫലപ്രദമായ വിഭവങ്ങളുടെ ഉപയോഗം, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കുള്ള പിന്തുണ, കാർബൺ കുറക്കൽ എന്നിവയിലെ മികച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്.
35,319 ടൺ കാർബൺ ബഹിർഗമനം കുറക്കുന്നതിലും പരിസ്ഥിതി സംരക്ഷിക്കുന്നതിന് മികച്ച രീതികൾ നടപ്പിലാക്കുന്നതിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ‘റൂട്ട് 2020 പദ്ധതി’യെ തേടി അവാർഡ് വന്നെത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. എക്സ്പോ 2020 ദുബൈക്ക് മുന്നോടിയായി നടപ്പിലാക്കിയ 15 കി.മീറ്റർ നീളമുള്ള മെട്രോ വിപുലീകരണമാണ് റൂട്ട് 2020 പ്രോജക്ട് എന്നറിയപ്പെടുന്നത്. പാരിസ്ഥിതിക സുസ്ഥിരത റൂട്ട് 2020 പ്രോജക്ടിന്റെ പ്രധാന അടിസ്ഥാനങ്ങളിലൊന്നായിരുന്നു.
ലോകത്തിലെ പ്രശസ്തമായ പരിസ്ഥിതി അവാർഡുകളിലൊന്നാണ് ഗ്രീൻ വേൾഡ് അവാർഡ്. പരിസ്ഥിതിയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും സുസ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുന്ന സർക്കാറുകൾ, മന്ത്രാലയങ്ങൾ, വ്യക്തികൾ എന്നിവരുടെ ശ്രമങ്ങൾക്ക് അംഗീകാരം എന്ന നിലയിലാണ് അവാർഡ് രൂപപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.