ഗ്രീൻ സോൺ തുറന്നു; ആദ്യദിനം ആയിരങ്ങൾ
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തിന് തുടക്കം കുറിച്ച് ഗ്രീൻ സോൺ തുറന്നു. ഞായറാഴ്ച രാവിലെ 10ന് തുറന്ന ഗ്രീൻ സോണിലേക്ക് ആയിരക്കണക്കിനാളുകളാണ് ആദ്യദിനത്തിൽ തന്നെ എത്തിയത്. നേരത്തേ വെബ്സൈറ്റ് വഴി പാസെടുത്തവർക്കു മാത്രമാണ് സോണിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മെട്രോ വഴിയും സ്വന്തമായി വാഹനങ്ങളിലുമായാണ് സന്ദർശകർ രാവിലെ മുതൽ എത്തിത്തുടങ്ങിയത്. സന്ദർശകരെ സ്വീകരിക്കാൻ എക്സ്പോ 2020 ദുബൈ വിശ്വമേളയുടെ സമയത്തേതിന് സമാനമായ ഒരുക്കങ്ങളാണ് അധികൃതർ ഒരുക്കിയത്.
ലോകോത്തരമായ സമ്മേളന വേദിയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്ന ഏക സ്ഥലമാണ് ഗ്രീൻ സോൺ. നാലുലക്ഷം പേർ ആദ്യഘട്ടത്തിൽ പാസിനായി അപേക്ഷിച്ചതായാണ് അധികൃതർ വെളിപ്പെടുത്തിയത്. ഞായറാഴ്ചത്തെ പാസ് വിതരണം ശനിയാഴ്ച വൈകീട്ടോടെ തന്നെ അധികൃതർ അവസാനിപ്പിച്ചിരുന്നു. പരിസ്ഥിതിയെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പൊതുജനങ്ങൾക്ക് ഉൾക്കാഴ്ചകൾ നൽകുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും വിവിധ വിദഗ്ധരുടെ സംസാരങ്ങളും വിവിധ വേദികളിലായി ആരംഭിച്ചിട്ടുണ്ട്.
കാലാവസ്ഥ പരിഹാരങ്ങൾ അവതരിപ്പിക്കുന്ന ഏഴു തീമാറ്റിക് ഹബുകളാണ് ഗ്രീൻ സോണിൽ തയാറാക്കിയിട്ടുള്ളത്. ഊർജ പരിവർത്തന ഹബ്, വൈജ്ഞാനിക ഹബ്, കാലാവസ്ഥ ധനകാര്യ ഹബ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബ്, സ്റ്റാർട്ടപ് വില്ലേജ്, ഹ്യൂമാനിറ്റേറിയൻ ഹബ്, യുവജന ഹബ് എന്നിങ്ങനെ സജ്ജീകരിച്ച ഹബുകളിലെല്ലാം ഞായറാഴ്ച രാവിലെ മുതൽ സന്ദർശകരെത്തി. കാലാവസ്ഥ വ്യതിയാനവും സുസ്ഥിരതയും സംബന്ധിച്ച 300ലധികം ചർച്ചകളും പരിപാടികളും വിവിധ ഹബുകളിലായി നടക്കുന്നുണ്ട്.
ഇവിടങ്ങളിൽ യുവാക്കളുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കും അഭിപ്രായങ്ങൾ പങ്കുവെക്കാൻ അവസരവുമുണ്ട്. 200 സ്വകാര്യ കമ്പനികളുടെയും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെയും പ്രദർശനമാണ് ഗ്രീൻ സോണിലുള്ളത്. മിക്കവയും കാലാവസ്ഥ പ്രതിസന്ധിക്ക് പരിഹാരം നിർദേശിക്കുന്ന നൂതനമായ പ്രദർശനങ്ങളാണ്. സന്ദർശകർക്ക് രുചികരവും പോഷകപ്രദവുമായ ലഭ്യമാക്കാനായി 90ലധികം ഭക്ഷണ-പാനീയ ഔട്ട്ലറ്റുകളും സോണിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഡിസംബർ 12 വരെയാണ് ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുള്ളത്. ഒരു ദിവസം 70,000 പേർ വരെ സൈറ്റ് സന്ദർശിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടികൾ, ഇവന്റുകൾ, ഷോകൾ എന്നിവയും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.