ബസ് കാത്തിരുപ്പിന് ഹരിതഗൃഹം
text_fieldsപൊതു ഗതാഗത സംവിധാന വിപുലീകരണ പ്രവൃത്തികളുടെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കി റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). ഗ്രീന്‍ മൊബിലിറ്റിയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ദൈനംദിന യാത്രകള്‍ക്ക് പൊതുഗതാഗതം ഉപയോഗിക്കാന്‍ താമസിക്കാരെ പ്രോല്‍സാഹിപ്പിക്കുകയാണ് പുതിയ ബസ് ഷെല്‍ട്ടറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് റാക്ട ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ ഹസന്‍ അല്‍ ബലൂഷി അഭിപ്രായപ്പെട്ടു. പ്രകൃദത്തമായ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വേറിട്ട അന്തര്‍-ബാഹ്യ രൂപകല്‍പ്പന സാധ്യമാക്കിയത്. പുനരുപയോഗ ഊര്‍ജം ഉപയോഗപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ പരിസ്ഥിതി അന്തരീക്ഷം പ്രദാനം ചെയ്യുന്നു. 2023-2030 കാലഘട്ടത്തില്‍ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പുതുതലമുറ ബസ് സ്റ്റോപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാനും റാക്ട ലക്ഷ്യമിടുന്നു. പൊതുഗതാഗത ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന ഇരിപ്പിടങ്ങള്‍ക്കൊപ്പം ബസ് റൂട്ടുകളും സമയക്രമവും ഉള്‍ക്കൊള്ളുന്ന സൂചകങ്ങളും നവീകരിച്ച ബസ് ഷെല്‍ട്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ളതായും അധികൃതര്‍ വ്യക്തമാക്കി. ഗതാഗത സേവനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന റഗുലേറ്ററി ബോഡിയായി 2008ലാണ് റാക്ട സ്ഥാപിതമായത്. പൊതുഗതാഗതം, ടാക്സി, സ്കൂള്‍ ബസുകള്‍, സമുദ്ര ഗതാഗതം, ചരക്ക് ഗതാഗതം, വാണിജ്യ ഗതാഗതം തുടങ്ങിയ സേവനങ്ങള്‍ റാക്ട നിര്‍വഹിച്ച് വരുന്നു. പാരിസ്ഥിതിക സുസ്ഥിരത കൈവരിക്കുന്നതിനുള്ള റാസല്‍ഖൈമ സര്‍ക്കാറിന്‍റെ കാഴ്ച്ചപാടുകളെ പിന്തുണക്കുന്നതിലും റാക്ട മുന്നിലുണ്ട്.
രാവിലെ ആറു മുതല്‍ രാത്ര 11.15 വരെ ഒരു മണിക്കൂര്‍ ഇടവിട്ട് അല്‍ നഖീലില്‍ നിന്ന് ജസീറ അല്‍ ഹംറയിലേക്കും തിരികെയും അല്‍ നഖീലില്‍ നിന്ന് ഷാമിലേക്കും തിരികെയും അല്‍ നഖീലില്‍ നിന്ന് റാക് എയര്‍പോര്‍ട്ടിലേക്കും തിരികെയും രാവിലെ 10 മുതല്‍ വൈകുന്നേരം 7.30 വരെ മൂന്ന് മണിക്കൂര്‍ ഇടവേളകളില്‍ എ.യു റാകില്‍ നിന്ന് മനാര്‍ മാളിലേക്കും തിരികെയും റാക്ട ബസ് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 5.30 മുതല്‍ രാത്രി ഒമ്പത് വരെ റാക് മെയിന്‍ ബസ് സ്റ്റാന്‍റില്‍ നിന്ന് ദുബൈ യൂനിയന്‍ ബസ് സ്റ്റേഷന്‍, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലേക്ക് ഒരു മണിക്കൂര്‍ ഇടവിട്ടും ഷാര്‍ജയിലേക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും ബസ് സര്‍വീസുകള്‍. അബൂദബിയിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും അല്‍ഐനിലേക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലുമാണ് റാസല്‍ഖൈമയില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.