ഷാർജയിൽ സ്കൂളിലെത്തുന്ന രക്ഷിതാക്കൾക്ക് ഗ്രീൻപാസ് നിർബന്ധം
text_fieldsഷാർജ: ഷാർജയിലെ സ്കൂളുകളിലെത്തുന്ന രക്ഷിതാക്കൾക്ക് അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ നിർദേശം.
പി.സി.ആർ പരിശോധന നടത്തുന്നവർക്കാണ് ഗ്രീൻപാസ് ലഭിക്കുന്നത്. വാക്സിനെടുത്തവർക്ക് പരിശോധന നടത്തിയ ദിനം മുതൽ 30 ദിവസത്തേക്കും വാക്സിനെടുക്കാത്തവർക്ക് ഏഴ് ദിവസത്തേക്കുമാണ് ഗ്രീൻപാസ് ലഭിക്കുക. സ്കൂളുകളുടെ ഗേറ്റിൽ അൽഹുസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചെങ്കിൽ മാത്രമെ ഉള്ളിലേക്ക് കടത്തിവിടുകയുള്ളൂ.
ഇതോടൊപ്പം മറ്റ് നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും മാസ്ക് നിർബന്ധമില്ല. എന്നാൽ, കോവിഡ് സംശയിക്കപ്പെടുന്നവർ തിരിച്ചെത്തുമ്പോൾ നെഗറ്റീവ് പി.സി.ആർ ഫലം ഹാജരാക്കണം. കോവിഡ് ബാധിതർക്ക് അഞ്ച് ദിവസം ഐസൊലേഷൻ മതി. കോവിഡ് ബാധിച്ചവരുമായി അടുത്തിടപഴകിയവർക്ക് ക്വാറന്‍റീൻ വേണ്ട. എന്നാൽ, രോഗലക്ഷണങ്ങളുണ്ടെങ്കിൽ പി.സി.ആർ പരിശോധന നടത്തണം. സ്കൂളിലെ ദിവസേനയുള്ള സാനിറ്റൈസേഷനും വൃത്തിയാക്കലും തുടരണമെന്നും നിർദേശമുണ്ട്. യു.എ.ഇ സർക്കാർ ഇളവ് നൽകിയതോടെ സ്കൂളുകളിൽ കുട്ടികൾ മാസ്കില്ലാതെയാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.