യു.എ.ഇക്ക് അഭിവാദ്യം: നൂലിഴകളാൽ സ്നേഹം തുന്നിച്ചേർത്ത് റഷീദ
text_fieldsഅൽഐൻ: യു.എ.ഇയോടുള്ള സ്നേഹം നൂലിഴകളാൽ തുന്നിച്ചേർത്ത് റഷീദ ശരീഫ്. 54 പതാകകളുടെ രൂപത്തിൽ LOVE UAE എന്ന് കൈകളാൽ തുന്നിച്ചേർത്താണ് റഷീദ യു.എ.ഇക്ക് അഭിവാദ്യം അർപ്പിക്കുന്നത്.
രാജ്യത്തിന്റെ 50ാം വാർഷികത്തിന് ആശംസ അർപ്പിച്ചാണ് കരകൗശല പരിശീലന രംഗത്ത് സജീവമായ കണ്ണൂർ സ്വദേശിനി റഷീദ യു.എ.ഇ പതാക നെയ്തെടുത്തത്. 15 മണിക്കൂർ എടുത്താണ് ഇത് പൂർത്തിയാക്കിയത്. തന്റെ ഈ സൃഷ്ടി യു.എ.ഇയിലെ പ്രമുഖരായ ആർക്കെങ്കിലും നേരിട്ട് നൽകണമെന്നാണ് ശരീഫയുടെ ആഗ്രഹം. 2018ൽ യു.എ.ഇയിലും 2019ൽ ബഹ്റൈനിലും കരകൗശല പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 18 വർഷമായി ഈ രംഗത്തുള്ള ശരീഫ സ്ത്രീകൾക്കും കുട്ടികൾക്കുമായി കരകൗശല പരിശീലനത്തിനായുള്ള സൗജന്യ വെബിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്.
ബഹ്റൈൻ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, മലേഷ്യ, സൗദി തുടങ്ങി പല രാജ്യങ്ങളിലെയും മലയാളി അസോസിയേഷനുകളുമായി ചേർന്നും അല്ലാതെയും ഓൺലൈൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. 2021ൽ മാലാഖമാർക്കൊരു സ്നേഹസമ്മാനം എന്ന പ്രോഗ്രാമിലൂടെ ഓൺലൈൻ വഴി കുട്ടികൾക്ക് ഗിഫ്റ്റ് ബോക്സ് ഉണ്ടാക്കാൻ പഠിപ്പിക്കുകയും ആ കുട്ടികൾ ഒരേസമയം യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലുള്ള 750 മലയാളി നഴ്സുമാർക്ക് സമ്മാനമായി നൽകുകയും ചെയ്തു. എ.കെ. ഉമ്മർ മേലാട്ട്-ഖദീജ ദമ്പതികളുടെ മകളും കണ്ണൂർ പയ്യന്നൂർ ഏരിയം പറോൽ ഹൗസിൽ ഷരീഫിന്റെ ഭാര്യയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.