കടുപ്പമേറിയ മണ്ഡലങ്ങളിലെ പ്രവാസി വോട്ടിന് ‘ഗ്രൂപ് ടിക്കറ്റ്’
text_fieldsഅജ്മാന്: ലോക്സഭ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ പുരോഗമിക്കുന്നു. ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്യുന്നതിനേക്കാൾ താരതമ്യേന നിരക്ക് കുറവ് ലഭിക്കുമെന്നതിനാല്‍ ഇക്കുറി ഗ്രൂപ് ടിക്കറ്റ് ബുക്കിങ്ങിനാണ് സംഘടനകള്‍ മുന്‍ഗണന നല്‍കുന്നത്. 50 വോട്ടര്‍മാരെ ചേര്‍ത്ത് ഗ്രൂപ് ടിക്കറ്റ് ഒരുക്കുകയാണ് ചെയ്യുന്നത്. കെ.എം.സി.സിയുടെ ആഭിമുഖ്യത്തിലാണ് പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കുന്നതിന് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര, കോഴിക്കോട്, കാസർകോട്, പൊന്നാനി, തൃശൂര്‍ എന്നിവിടങ്ങളിലേക്കാണ് സംഘടനകള്‍ പ്രധാനമായും ബുക്കിങ്ങുകള്‍ നടത്തുന്നതെന്ന് അജ്മാനില്‍ ട്രാവല്‍സ് നടത്തുന്ന അഹമ്മദ് ഇയാസ് പറയുന്നു. ഗ്രൂപ് ടിക്കറ്റ് എടുക്കുന്നതിനായി ട്രാവല്സില് എത്തുന്നവരുടെ എണ്ണം അനുദിനം ഏറിവരുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
നാട്ടിലെ സ്കൂള്‍ അവധി ആയതിനാല്‍ നിരവധി കുടുംബങ്ങളാണ് കേരളത്തില്‍ നിന്നും പ്രവാസ ലോകത്ത് എത്തിയിരിക്കുന്നത്. ഇത് വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് പരമാവധി പ്രവാസി വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. അവധിക്കാലം ആഘോഷിക്കാനെത്തിയ വോട്ടര്‍മാരുടെ അഭാവം തങ്ങള്‍ക്ക് വലിയ വോട്ട് നഷ്ടത്തിന് ഇടയാകുമെന്ന കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍ പരമാവധി പേരെ നാട്ടിലെത്തിക്കാന്‍ വലിയ തോതിലുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വോട്ടുള്ളവരും ലീവ് ലഭിക്കുന്നവരുമായ ഉറച്ച പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമങ്ങളും പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഊർജിതമാണ്.
ഇലക്ഷന് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നാട്ടിലെ വീടുകളില്‍ പോകുമ്പോള്‍ നിരവധി വീടുകളാണ് അടച്ചിട്ട നിലയില്‍ കാണാന്‍ കഴിയുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു.
പ്രവാസികള്‍ ഏറെയുള്ള മലബാര്‍ മേഖലയിലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എമിറേറ്റ്സ് തലത്തില്‍ തന്നെ വോട്ടുറപ്പിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
കേരളത്തിലെ ശ്രദ്ധാകേന്ദ്രമായ വടകര മണ്ഡലത്തിലേക്കുതന്നെ ഇതിനകം ആയിരക്കണക്കിന് പ്രവാസി വോട്ടര്‍മാര്‍ എത്തിച്ചേര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസമുണ്ടായ മഴ പല വിമാന സര്‍വിസുകളെയും ബാധിച്ചത് ഗ്രൂപ് ബുക്ക് ചെയ്ത സംഘാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ഇനിയും മഴയുണ്ടാകുമെന്ന പ്രവചനങ്ങള്‍ വാരാന്ത്യ അവധിയടക്കമുള്ള ചെറിയ ലീവുകള്‍ ഉപയോഗപ്പെടുത്തി അവസാന സമയത്തേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പരസ്പരം അഭിമാന പ്രശ്നമായി മാറിയ മണ്ഡലങ്ങളില്‍ എങ്ങനെയും ജയിച്ചേ തീരൂ എന്ന വാശിയില്‍ ആവേശത്തില്‍ നില്ക്കുന്ന തെരഞ്ഞെടുപ്പ് പൂരത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് മലയാളികളായ പ്രവാസികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.