എണ്ണയിതര മേഖല കരുത്താർജിക്കുന്നു
text_fieldsദുബൈ: എണ്ണയിതര സ്വകാര്യ മേഖലയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്നതായി വിലയിരുത്തൽ. കൂടുതലായി ശ്രദ്ധയൂന്നി തുടങ്ങിയതോടെയാണ് എണ്ണയിതര മേഖലയിൽ ബിസിനസ് പ്രവർത്തനങ്ങളിൽ വളർച്ച രേഖപ്പെടുത്തിയതെന്ന് പ്രമുഖ വിപണി അവലോകന സംവിധാനങ്ങൾ വിലയിരുത്തുന്നു. ജനുവരിയേക്കാൾ ഫെബ്രുവരിയിൽ വളർച്ച കൈവരിക്കാൻ കഴിഞ്ഞതോടെ എക്കാലത്തെയും മികച്ച നിലയിലേക്ക് മേഖല എത്തിച്ചേർന്നതായാണ് വിലയിരുത്തപ്പെടുന്നത്. എസ് ആൻഡ് പി ഗ്ലോബൽ സർവെ പ്രകാരം ജനുവരി മുതൽ ഉൽപ്പാദനം വർധിച്ചതായി അഭിപ്രായം പങ്കുവെച്ചവരിൽ നാലിലൊന്ന് പേരുംസമ്മതിക്കുന്നു.
യു.എ.ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 2.23 ട്രില്യൺ ദിർഹം എന്ന റെക്കോർഡിലെത്തിയിരുന്നു. സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളും എണ്ണയിതര മേഖലക്ക് ലഭിക്കുന്ന പ്രോൽസാഹനവുമാണ് വളർച്ചക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ(സെപ) അടക്കമുള്ളവയും നേട്ടത്തിന് സഹായകരമായിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ സെപ പ്രാബല്യത്തിൽ വന്ന ശേഷം ഇന്ത്യ-യു.എ.ഇ വ്യാപാരം 30 ശതമാനം വർധിച്ചിട്ടുണ്ട്. എട്ട് മാസത്തിനുള്ളിലാണ് വ്യാപാര മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്.
ഈ സാമ്പത്തിക വർഷത്തിൽ 88ശതകോടി ഡോളറിന്റെ വ്യാപാരം കൈവരിക്കാനുള്ള പാതയിലാണ് ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത്. 2022ൽ ഇന്ത്യയുമായാണ് യു.എ.ഇ അതിന്റെ ആദ്യ ‘സെപ’യിൽ ഒപ്പുവെച്ചത്. ആദ്യ ഒമ്പത് മാസങ്ങളിൽ ഉഭയകക്ഷി വ്യാപാരം 38.6ശതകോടി ഡോളറായിരുന്നു. 2020ലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്. മെച്ചപ്പെട്ട വിപണി പ്രവേശനം, കുറഞ്ഞ താരിഫ്, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങൾ, വ്യക്തവും സുതാര്യവുമായ നിയമങ്ങൾ തുടങ്ങിയവ ‘സെപ’യുടെ നേട്ടങ്ങളിൽ ഉൾപ്പെടുന്നതാണ്. 2021ൽ 60 ശതകോടി ഡോളറായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം അഞ്ച് വർഷത്തിനുള്ളിൽ 100ശതകോടി ഡോളറായി ഉയർത്താൻ കരാറിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് പുറമെ ഇസ്രയേൽ, ഇന്തോനേഷ്യ, തുർക്കി എന്നീ രാജ്യങ്ങളുമായും കരാറിലെത്താൻ യു.എ.ഇക്ക് സാധിച്ചത് വളർച്ചയുടെ വേഗം വർധിപ്പിച്ചു.
2022ന്റെ ആദ്യ പകുതിയില്‍ എണ്ണയിതര മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 28.4 ബില്യന്‍ ദിര്‍ഹമില്‍ നിന്ന് 273 ബില്യനായി വളര്‍ച്ച നേടിയിരുന്നു. ഇതിനെ മറികടക്കുന്ന നേട്ടത്തിലേക്കാണ് ഈ വർഷം മുന്നേറുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക രംഗത്തെ വൈവിധ്യവൽകരണം എന്ന സർക്കാർ നയത്തിലൂടെയാണ് ഈ വളര്‍ച്ച കൈവരിക്കാനായത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ എണ്ണ ഇതര കയറ്റുമതിയിൽ 800 ശതകോടി ദിർഹമിന്റെ ഉദ്പാദനം ലക്ഷ്യമിടുന്ന നയം കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിലവിലെ ജി.ഡി.പി 1.49 ട്രില്യൺ ദിർഹം എന്ന നിലയിൽ നിന്ന് മൊത്തം മൂന്ന് ട്രില്യൺ ദിർഹമായി ഉയർത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. വിനോദ സഞ്ചാരികളുടെ എണ്ണം 40 ദശലക്ഷത്തിലേക്ക് എത്തിക്കുക. വ്യവസായ മേഖലയിൽ 300 ശതകോടി ദിർഹമിന്റെ വളർച്ച കൈവരിക്കുക എന്നതെല്ലാം ഇതിന്റെ ഭാഗമായി രൂപപ്പെടുത്തി നയങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.