ആരോഗ്യ മേഖലയിൽ കുതിപ്പ്
text_fieldsദുബൈ: ആരോഗ്യ മേഖലയിൽ കൂടുതൽ കുതിപ്പിനൊരുങ്ങി യു.എ.ഇ. മെഡിക്കൽ ടൂറിസം ഉൾപെടെ സകല ആരോഗ്യ മേഖലയിലും വമ്പൻ പദ്ധതികളാണ് യു.എ.ഇ ആവിഷ്കരിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ യു.എ.ഇയിലെ മെഡിക്കൽ ടൂറിസം വരുമാനം 19 ശതകോടി ദിർഹമിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിന് കരുത്ത് പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം സമാപിച്ച അറബ് ഹെൽത്ത്. പുത്തൻ സാങ്കേതിക വിദ്യകൾ പിറവിയെടുത്ത മേളയിൽ യു.എ.ഇയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ഒപ്പുവെച്ചത് കോടിക്കണക്കിന് ദിർഹമിന്റെ പുതിയ പദ്ധതികളാണ്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മെഡിക്കല്‍ ടൂറിസം ഹബ്ബാണ് യു.എ.ഇ. ആരോഗ്യ പരിചരണ വിതരണ മേഖല ശക്തിപ്പെടുത്തുക, സ്പെഷ്യലിസ്റ്റ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുക, ആരോഗ്യ മേഖലയിൽ സ്വകാര്യ, പൊതുമേഖലകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക തുടങ്ങിയവ യു.എ.ഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണ്. ആരോഗ്യ മേഖലയിൽ വിദഗ്ദരെ ഇവിടേക്ക് ആകർഷിക്കുന്നതും ഇതിന്റെ ഭാഗമാണ്. യു.എ.ഇ ഗോൾഡൻ വിസ നൽകാൻ പരിഗണിച്ച ആദ്യ വിഭാഗങ്ങളിൽ ഒന്നായിരുന്നു ഡോക്ടർമാർ. പിന്നീട് നഴ്സുമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെയും ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. ഇതോടെ വിദഗ്ദരായ ആരോഗ്യപ്രവർത്തകരെ യു.എ.ഇയിൽ തന്നെ നിലനിർത്താൻ രാജ്യത്തിന് കഴിഞ്ഞു.
അഞ്ച് വർഷത്തിനിടെ ദുബൈയിൽ ലൈസൻസുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണം 61 ശതമാനം ഉയർന്നതായാണ് കണക്ക്. സ്വകാര്യ മേഖലയിൽ മാത്രം 41 ശതമാനം വർധനവാണ് കാണിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും ഇന്ത്യയിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകരാണ്. ദുബൈ ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ കണക്ക് പ്രകാരം ദുബൈയിൽ 4482 സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും 55,208 ലൈസൻസ്ഡ് ആരോഗ്യ പ്രവർത്തകരുമുണ്ട്. ഈ വർഷം മെഡിക്കൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 3-6 ശതമാനവും ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിൽ 10-15 ശതമാനവും വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56 ആശുപത്രികൾ, 57 ഡേ കെയർ സർജറി കേന്ദ്രങ്ങൾ, 59 ഡയഗ്നോസ്റ്റിക് സെന്റർ, നിശ്ചയദാർഡ്യ വിഭാഗക്കാർക്ക് 21 കേന്ദ്രങ്ങൾ, 1566 ഒ.പി ക്ലിനിക്കുകൾ എന്നിവ ഉൾപെടുന്നു. ദുബൈ നഗരത്തിൽ 417 സ്കൂൾ ക്ലിനിക്കുകളും 154 ഹോം ഹെൽത്ത്കെയർ ഏജൻസികളും ആറ് ഡയാലിസിസ് സെന്ററുകളും 49 ദന്ത ലാബോറട്ടറികളുമുണ്ട്.
പുതിയ മെഡിക്കൽ ടൂറിസം ഇൻഡക്സ് അനുസരിച്ച് മെന മേഖലയിൽ ഒന്നാം സ്ഥാനത്താണ് ദുബൈ. ലോക റാങ്കിങിൽ ആറാം സ്ഥാനവും. വൈകാതെ ലോക റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ ദുബൈ നഗരം ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറബ് ഹെൽത്ത് ആരോഗ്യ മേഖലക്ക് പകരുന്ന ഊർജം ചെറുതല്ല. അത്യാധുനീക സാങ്കേതിക വിദ്യകൾ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്താണ് അറബ് ഹെൽത്ത് സമാപിച്ചത്. 45 രാജ്യങ്ങളിലെ 50,000 ആരോഗ്യമേഖല വിദഗ്ധരും 3000 എക്സിബിറ്റർമാരും പങ്കെടുത്തു. ഒമ്പത് കോൺഫറൻസുകളിലായി 300ലേറെ പ്രഭാഷകരും 3200 പ്രതിനിധികളും അറബ് ഹെൽത്തിന്റെ ഭാഗമായി. മേള സമാപിച്ചെങ്കിലും വെർച്വൽ സെഷനുകൾ ഇപ്പോഴും തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.