യു.എ.ഇ ഭരണാധികാരികളുടെ കൂറ്റന്‍ ചിത്രം തയാറാക്കിയ മലയാളിക്ക് ഗിന്നസ് റെക്കോഡ്
text_fieldsഅബൂദബി: യു.എ.ഇ ഭരണാധികാരികളുടെ പടുകൂറ്റന്‍ എണ്ണച്ഛായാചിത്രം തയാറാക്കിയ മലയാളി ചിത്രകാരന് ഗിന്നസ് ലോക റെക്കോഡ്.
തൃശൂർ ഗുരുവായൂർ കോട്ടപ്പടി കാര്യാട്ടുവീട്ടിൽ സരൺസാണ് 166.03 ചതുരശ്രമീറ്ററുള്ള എണ്ണച്ഛായാചിത്രം ഒറ്റക്ക് തയാറാക്കി ഗിന്നസ് റെക്കോഡ് കൈവരിച്ചത്. അബൂദബിയിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കൾചറല്‍ സെന്‍ററിലെ പ്രധാന ഹാളിലാണ് സരണ്‍സ് ഗിന്നസ് റെക്കോഡ് പ്രകടനം കാഴ്ചവച്ചത്. നവംബര്‍ അവസാനത്തിൽ ഇത്തരമൊരു ശ്രമം നടത്തിയതെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് റെക്കോഡ് സ്ഥിരീകരണം വൈകുകയായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലെ ദീര്‍ഘകാല സൗഹൃദത്തിനുള്ള തന്റെ ആദരവാണ് ഈ പെയിൻറിങ്ങെന്ന് ലോക റെക്കോഡ് നേടിയ ശേഷം സരണ്‍സ് പ്രതികരിച്ചു.
ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ 'ആസാദി കാ അമൃത് മഹോത്സവ'ത്തിെൻറയും യു.എ.ഇയുടെ അമ്പതാമത് ദേശീയദിനാഘോഷത്തിന്‍റെയും ഭാഗമായായിരുന്നു കൂറ്റന്‍ പെയിന്‍റിങ് തയാറാക്കിയത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ എന്നിവരുടെ ചിത്രങ്ങളാണ് സരണ്‍സ് വരച്ചത്. ചൈനീസ് ചിത്രകാരന്‍ ലിഹ്ങ് യുവിന്‍റെ പേരിലുള്ള റെക്കോഡാണ് ഇദ്ദേഹം തിരുത്തിക്കുറിച്ചത്. ദുബൈ എക്‌സ്‌പോ 2020 വേദിയിലെത്തിയപ്പോഴാണ് ലിഹ്ങ് യു യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാെൻറ ചിത്രം വരച്ച് റെക്കോഡ് നേടിയത്.
പെയിന്‍റിങ്ങുകള്‍ എക്‌സ്‌പോ വേദിയില്‍ പ്രദര്‍ശിക്കണമെന്നും അതിലൂടെ ഭരണാധികാരികൾ അതുകാണാന്‍ ആഗ്രഹമുണ്ടെന്നും യുവാവ് പറഞ്ഞു. ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍ററില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലിയും സരണിനെ മെമന്‍റോ നല്‍കി ആദരിച്ചു. അബൂദബിയില്‍ കുട്ടികള്‍ക്കു വേണ്ടി ആര്‍ട്ട് അക്കാദമി സ്ഥാപിക്കുകയാണ് സരൺസിെൻറ ലക്ഷ്യം. സന്ദര്‍ശകവിസയില്‍ യു.എ.ഇയിലെത്തിയ ഇദ്ദേഹം സ്ഥിരവിസയില്‍ രാജ്യത്ത് തുടരാനാണ് പദ്ധതിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.