ഗള്‍ഫ് എയര്‍ റാസല്‍ഖൈമയിലേക്ക്
text_fieldsറാസല്‍ഖൈമ: ഇന്‍ഡിഗോയുടെ മുംബൈ-റാക് സര്‍വീസ് പ്രഖ്യാപനത്തിന് പിന്നാലെ ബഹ്റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയറും റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്നു മുതലാണ് ഗള്‍ഫ് എയര്‍ സര്‍വീസ്. പ്രാദേശിക-അന്തര്‍ദേശീയ സര്‍വീസുകളാണ് റാസല്‍ഖൈമയില്‍ നിന്ന് ഗള്‍ഫ് എയര്‍ ലക്ഷ്യമിടുന്നതെന്ന് റാക് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി കരാറില്‍ ഒപ്പുവെച്ച് ഗള്‍ഫ് എയര്‍ വക്താക്കള്‍ പറഞ്ഞു. റാസല്‍ഖൈമ വിമാനത്താവളത്തിന്റെ വ്യോമാതിര്‍ത്തി വികസിക്കുകയാണെന്ന് റാക് എയര്‍പോര്‍ട്ട് ചെയര്മാന് ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള സേവനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ പുതിയ വിമാന സര്‍വീസുകള്‍ക്കാകും. ഗള്‍ഫ് എയറുമായുള്ള സഹകരണം സാധ്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നും ശൈഖ് സാലിം അഭിപ്രായപ്പെട്ടു.
സെപ്റ്റംബര്‍ 22 മുതലാണ് ഇന്‍ഡിഗോയുടെ മുംബൈ-റാക് സര്‍വീസ് ആരംഭിക്കുന്നത്. മുംബൈ ഒരു സുപ്രധാന വ്യോമയാന ഹബ്ബെന്ന നിലയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് നിരവധി അവസരങ്ങള്‍ തുറക്കുമെന്ന് റാക് വിമാനത്താവള സി.ഇ.ഒ അറ്റനാസിയോസ് ടൈറ്റോണിസ് പറഞ്ഞു. നിലവില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.
അതേസമയം, ഈ വര്‍ഷം ജൂണ്‍ വരെ റാസല്‍ഖൈമ 521,085 സന്ദര്‍ശകരെ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. വിനോദ മേഖലയില്‍ നൂതന സംരംഭങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കിയതാണ് ലോക സഞ്ചാരികള്‍ക്ക് റാസല്‍ഖൈമയെ പ്രിയങ്കരമാക്കിയതെന്ന് റാക് ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് അതോറിറ്റി (റാക് ടി.ഡി.എ) വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഫ്രാങ്ക്ഫര്‍ട്ട്, ഡസല്‍ഡോര്‍ഫ്, മ്യൂണിക്ക് എന്നിവയുള്‍പ്പെടെ ജര്‍മനിയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള പ്രതിവാര വിമാനങ്ങളെ സ്വാഗതം ചെയ്യാനും റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളം സജ്ജമാണ്. റാസല്‍ഖൈമയിലെ ക്രൂയിസ് സെക്ടറിന്റെ വികസനത്തിനും റാക് ടി.ഡി.എ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതിലൂടെ പതിനായിരത്തിലധികം പുതിയ സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ലക്ഷ്യമാണ്.
ഈ വര്‍ഷാദ്യം വിന് റിസോര്‍ട്ടുമായി കോടികണക്കിന് ഡോളര്‍ ചെലവില്‍ സംയോജിത റിസോര്‍ട്ട് വികസന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. 2026ല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച റിസോര്‍ട്ടില്‍ ആയിരത്തിലധികം മുറികള്‍, ഷോപ്പിംഗ് മാള്‍, മീറ്റിംഗ്-കണ്വെന്ഷന് സെന്ററുകള്‍, പത്തിലേറെ റസ്റ്റോറന്റുകള്‍, ലോഞ്ചുകള്‍, വിപുലമായ വിനോദ സൗകര്യങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.