ഇന്ത്യ ശ്വസിക്കുന്നു; അറബ് ലോകത്തിന്റെ സ്നേഹം
text_fieldsദുബൈ: ഉത്തരേന്ത്യയിലെ തെരുവിൽ പ്രാണവായു കിട്ടാതെ പിടയുന്നവരുടെ മുഖം സമീപകാല ഇന്ത്യ കണ്ട ഏറ്റവും ദൈന്യതയാർന്ന ചിത്രമായിരുന്നു. ഇന്ത്യക്കാർ ഒരു നിമിഷം ദു:ഖവും നിസ്സഹായതയും കൊണ്ട് കണ്ണീരണിഞ്ഞ ആ വേദനനിറഞ്ഞ ചരിത്രാനുഭവം ഒരിക്കലും മറക്കാനാവാത്തതാണ്. അത്തരമൊരു സന്ദർഭത്തിൽ ശ്വാസംമുട്ടുന്ന ഇന്ത്യയെ വരുംവരായ്കകൾ ആലോചിക്കാതെ സ്നേഹാലിംഗനം ചെയ്ത ഒരു കൂട്ടരുണ്ട്. അറബ് ജനതയും ഭരണാധികാരികളുമാണത്.
ഒാക്സിജൻ ക്ഷാമമെന്ന വാർത്ത പ്രചരിച്ച ആദ്യ ദിനത്തിൽ തന്നെ സൗദി അറേബ്യ 80 മെട്രിക് ടൺ ലിക്വിഡ് ഒാക്സിജനും നാല് െഎ.എസ്.ഒ ക്രയോജനിക് ടാങ്കുകളും ഉൾപ്പെടുന്ന കണ്ടെയ്നറുകളാണ് ദമ്മാം തുറമുഖത്തു നിന്ന് കപ്പലിൽ കയറ്റിഅയച്ചത്. മാത്രമല്ല, അയ്യായിരം മെഡിക്കൽ ഗ്രേഡ് ഒാക്സിജൻ സിലിണ്ടറുകൾ ഉടൻ അയക്കുമെന്ന് അറിയിക്കുകയും ചെയ്തു. പിന്നാലെ അറബ് ലോകത്തെ യു.എ.ഇയും ഖത്തറും കുവൈത്തും ബഹ്റൈനുമെല്ലാം മൽസരം കണക്കെ രംഗത്തുവന്നു.
ആദ്യം യു.എ.ഇ ഇന്ത്യയിൽ നിന്നെത്തിയ വിമാനത്തിൽ ക്രയോജനിക് ഓക്സിജൻ ടാങ്കുകൾ അയച്ചുനൽകി. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് സിലിണ്ടറുകൾ അയക്കാനുള്ള വിമാനം ദുബൈയിലെത്തിയത്. എന്നുമാത്രമല്ല, ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.എ.ഇയിലെ സ്ഥാപനങ്ങൾ ദേശീയ പതാകയുടെ നിറമണിഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരമുള്ള െകട്ടിടമായ ബുർജ് ഖലീഫയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ത്രിവർണത്തിൽ ജ്വലിച്ചു. പിന്നാലെ 60മെട്രിക് ടൺ ദ്രവീകൃത ഒാക്സിജൻ നൽകാമെന്ന് ഖത്തറും ഇന്ത്യയെ അറിയിച്ചു. ക്രയോജനിക് ടാങ്കുകൾ അയച്ചാൽ ഒാക്സിജനെത്തിക്കാമെന്നത് ഉറപ്പുള്ള വാക്കായിരുന്നു.
കുവൈത്തും ബഹ്റൈനും മന്ത്രിസഭ ചേർന്ന് ഒാക്സിജനും മറ്റു സഹായങ്ങളും എത്തിക്കാമെന്ന് വാഗ്ദാനം നൽകി. ഇന്നിപ്പോൾ അറബ് രാജ്യങ്ങൾ നൽകിയ ഒാക്സിജൻ നമ്മുടെ രാജ്യത്തെ ആശുപത്രികളിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് കരകയറുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവശ്വാസത്തിന് അറബ് ലോകത്തിെൻറ സ്നേഹത്തിെൻറ ഗന്ധമാണിന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.