രണ്ടാംദിനം തിരക്കിലമർന്ന് ‘ഗൾഫുഡ്’
text_fieldsദുബൈ: വിശ്വമഹാ രുചികളുടെ സംഗമമേളയായി മാറിയ ‘ഗൾഫുഡ്’ വേദിയായ ദുബൈ വേൾഡ് ട്രേഡ് സെന്ററിലേക്ക് രണ്ടാംദിനം സന്ദർശകരുടെ പ്രവാഹം. നഗരത്തിലെ എല്ലാ റോഡുകളും ഭക്ഷ്യമേള വേദിയിലേക്ക് പ്രവഹിക്കുന്ന രീതിയിലാണ് രാവിലെ മുതൽ സന്ദർശകർ ഒഴുകിയെത്തിയത്. മെട്രോയിലും വൻ തിരക്കാണ് രാവിലെ തന്നെ അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷത്തേക്കാൾ 30ശതമാനം കൂടുതൽ സ്ഥലം മേളക്ക് അനുവദിച്ചിട്ടും എല്ലാ വേദികളും പവലിയനുകളും ആളുകളാൽ വീർപ്പുമുട്ടി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വൈകീട്ട് വേദിയിലെത്തി സ്റ്റാളുകൾ സന്ദർശിക്കുകയും ചെയ്തു.
1987ലെ 65 പ്രദർശകരിൽനിന്ന് അയ്യായിരത്തിലേറെ എക്സിബിറ്റർമാർ പങ്കെടുക്കുന്ന വൻ മേളയായി ഗൾഫുഡ് ഇന്ന് വികസിച്ചെന്ന് അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പ്രദർശനമായി ഗൾഫുഡിന്റെ മാറ്റം സുപ്രധാന ആഗോള മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ദുബൈയുടെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്ത വിഡിയോ മേളയിലെത്തിയ സ്റ്റാളുകളുടെയും ജനങ്ങളുടെയും ബാഹുല്യം വെളിപ്പെടുത്തുന്നതായിരുന്നു. നിരവധി സ്റ്റാളുകളുടെയും പ്രതിനിധികളുടെയും ഇടയിലൂടെ ഗൾഫുഡിന്റെ പ്രധാനഭാഗങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. രണ്ടാം ദിവസത്തെ ഇൻസ്പയർ കോൺഫറൻസിൽ ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിലാൽ സയീദ് അൽ മർറി എമിറേറ്റിൽ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
ഇന്ത്യൻ പവലിയനുകളിലും ചൊവ്വാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ ഇന്ത്യൻ കമ്പനികൾ ധാരണപത്രങ്ങളും കരാറുകളും മേളയിൽ വെച്ച് ഒപ്പുവെച്ചു. ഇന്ത്യയടക്കം 125 രാജ്യങ്ങളുടെ പവലിയനുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. അർമീനിയ, കംബോഡിയ, ഇറാഖ് എന്നിവ പുതുതായി മേളയിൽ പങ്കെടുക്കുന്ന രാജ്യങ്ങളാണ്. ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഒരിടവേളക്കുശേഷം വീണ്ടും എത്തിച്ചേർന്നവയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.