ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷൻ (ജൈടെക്സ്): 200ഓളം ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും
text_fieldsദുബൈ: തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈടെക്സ്) 200ഓളം ഇന്ത്യൻ കമ്പനികൾ പങ്കെടുക്കും. ഇന്ത്യയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലാണ് (ഇ.എസ്.സി) ഇക്കാര്യം അറിയിച്ചത്. ഗൾഫിലെ ഐ.ടി മാർക്കറ്റിൽ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്നതാണ് ലക്ഷ്യം.
2021-22ലെ കണക്കനുസരിച്ച് ഇന്ത്യയിൽനിന്ന് മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത് 3.32 ശതകോടി ഡോളറിന്‍റെ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളാണ്. ഇന്ത്യൻ ഇലക്ട്രോണിക്സ് കയറ്റുമതിയുടെ 16 ശതമാനവും എത്തുന്നത് യു.എ.ഇയിലേക്കാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്ത് യു.എ.ഇയുണ്ട്. കഴിഞ്ഞ വർഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യ കയറ്റിയയച്ചത് 15.69 ശതകോടി ഡോളറിന്‍റെ ഉൽപന്നങ്ങളാണ്.
ഇതിൽ 2.47 ശതകോടി ഡോളർ ഉൽപന്നങ്ങളും എത്തിയത് യു.എ.ഇയിൽ. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനികൾ കൂടുതലായി ജൈടെക്സിലേക്ക് എത്തുന്നത്. വിദേശ കമ്പനികളുമായി നിരവധി കരാറുകൾ ഒപ്പുവെക്കുന്ന മേള കൂടിയാണിത്. ഇ.എസ്.സിയുടെ നേതൃത്വത്തിൽ ശൈഖ് റാശിദ് ഹാളിൽ 20 കമ്പനികളുണ്ടാവും. സബീൽ ഹാളിലും നോർത്ത് സ്റ്റാറിലുമായിരിക്കും മറ്റ് കമ്പനികൾ.
14 വരെ നീളുന്ന ജൈടെക്സിൽ 5000ത്തോളം സ്ഥാപനങ്ങളെത്തും. 20 ലക്ഷം ചതുരശ്ര മീറ്ററിൽ 26 ഹാളിലായാണ് പരിപാടി. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം ഏരിയ ഇക്കുറി കൂടുതലുണ്ട്. പ്രദർശനത്തിനെത്തുന്ന 52 ശതമാനം സ്ഥാപനങ്ങളും ആദ്യമായാണ് ജൈടെക്സിനെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 170 രാജ്യങ്ങളിലെ ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നു. gitex.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റെടുത്ത് പ്രവേശിക്കാം. 220 മുതലാണ് ടിക്കറ്റ് നിരക്ക്.
പാർക്കിങ് ടിപ്സ്
ജൈടെക്സിലേക്കുള്ള സന്ദർശകരുടെ ഒഴുക്കുമൂലം ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാൻ ടിപ്സുമായി ദുബൈ പൊലീസ്. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലേക്കെത്താനും വാഹനങ്ങൾ പാർക്ക് ചെയ്യാനുമുള്ള നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്. മറ്റ് മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ്ങിൽ വാഹനങ്ങൾ നിർത്തിയശേഷം മെട്രോയിൽ വേൾഡ് ട്രേഡ് സെന്‍ററിൽ എത്തുന്നതാവും ഉചിതമെന്ന് പൊലീസ് പറയുന്നു. സെന്‍റർ പോയന്‍റ് മെട്രോ സ്റ്റേഷൻ, ഇത്തിസാലാത്ത്, ജബൽ അലി തുടങ്ങിയ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാം.
മാക്സ് സ്റ്റേഷന് സമീപത്തെ ബഹുനില പാർക്കിങ്ങിൽ നിർത്തിയ ശേഷവും മെട്രോ വഴി ഇവിടെ എത്താം. ദുബൈ മാളിലെ സബീൽ എക്സ്റ്റൻഷൻ പാർക്കിങ്ങിൽ നിർത്തിയശേഷം ഷട്ട്ൽ ബസിൽ വേൾഡ് ട്രേഡ് സെന്‍ററിലെത്താം. കാറിൽ എത്തുന്നവർ പൊലീസിന്‍റെ നിർദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കണം. തിരക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.