ഗൾഫ് കർണാടകോത്സവം സമാപിച്ചു
text_fieldsദുബൈ: ഗൾഫ് മേഖലയിലെ കർണാടകക്കാരായ ബിസിനസ് സംരംഭകരുടെ മികച്ച സംഭാവനകളെയും പ്രവർത്തനങ്ങളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘ഗൾഫ് കർണാടകോത്സവം 2023’ സമാപിച്ചു. ചടങ്ങിൽ പ്രമുഖരായ 21 ബിസിനസ് സംരംഭകർക്ക് ‘ഗൾഫ് കർണാടക രത്ന അവാർഡ്’ നൽകി ആദരിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ ഡോ. തുംബൈ മൊയ്തീൻ, ഹിദായത്തുല്ല അബ്ബാസ്, മുഹമ്മദ് മീരാൻ, സഫറുല്ല ഖാൻ മാണ്ഡ്യ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. മുഖ്യാതിഥിയായിരുന്ന ദുബൈ രാജകുടുംബാംഗവും എം.ബി.എം ഗ്രൂപ് ചെയർമാനുമായ ശൈഖ് മുഹമ്മദ് മക്തൂം ജുമാ ആൽ മക്തൂമിൽനിന്നാണ് 21 ബിസിനസ് പ്രമുഖർ പുരസ്കാരങ്ങൾ സ്വീകരിച്ചത്. അവാർഡ് ജേതാക്കളുടെ നേട്ടങ്ങൾ പകർത്തുന്ന കോഫി ടേബ്ൾ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
1000ത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ജെയിംസ് മെൻ ഡോങ്ക, നാഷ് എൻജിനീയറിങ് ചെയർമാൻ നിസാർ അഹമ്മദ്, രാമചന്ദ്ര ഹെഗ്ഡെ, ജോസഫ് മാത്യൂസ്, വാസുദേവ ഭട്ട് പുത്തിഗെ, മുഹമ്മദ് നവീദ് മാഗുണ്ടി, മൻസൂർ അഹമ്മദ്, എം. സയ്യിദ്ഖലീൽ, മൈക്കിൾ ഡിസൂസ, ഇബ്രാഹിം ഗഡിയാർ, ബി.കെ. യൂസുഫ്, ഡോ. സതീഷ് ചന്ദ്ര, ഡേവിഡ് ഫ്രാങ്ക് ഫെർണാണ്ടസ്, മാർട്ടിൻ അരാൻഹ, ജോൺ സുനിൽ, മുഹമ്മദ് ആഷിഫ് രവിഷെട്ടി എന്നിവരാണ് മറ്റു പുരസ്കാരജേതാക്കൾ. സാംസ്കാരിക പ്രകടനങ്ങൾ, സംഗീതക്കച്ചേരികൾ, ഹാസ്യപരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പുലിവേഷംപോലുള്ള പരമ്പരാഗത നൃത്തങ്ങൾ പ്രദർശിപ്പിച്ചു. സന്തോഷ വെങ്കി, ഗുരുകിരൺ, പ്രശസ്ത പിന്നണിഗായിക ചൈത്ര എച്ച്.ജി തുടങ്ങിയ കലാകാരന്മാരും സംഗീതജ്ഞരും കലാപരിപാടികൾക്ക് നേതൃത്വം നൽകി. കന്നടയിലെ ഹാസ്യനടന്മാരായ പ്രകാശ് തുമിനാടും ദീപക് റായ് പനാജെയും പ്രേക്ഷകർക്ക് ഹരംപകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.