ഗൾഫ്-കേരള കപ്പൽ സർവിസ് പ്രായോഗികമല്ല -ഐ.എ.എസ്
text_fieldsഷാർജ: കേരളത്തിലും പ്രവാസ ലോകത്തും ഏറെ ചർച്ചയായ ഗൾഫ് -കേരള കപ്പൽ സർവിസ് പ്രായോഗികമല്ലെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ. കപ്പലിന് പകരം കണ്ണൂരടക്കം നാട്ടിലെ നിർജീവമായ വിമാനത്താവളങ്ങൾ സജീവമാക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഭാരവാഹികൾ മുൻകൈയെടുത്താണ് കപ്പൽ സർവിസിന് ശ്രമം നടത്തിയിരുന്നത്. കപ്പൽ സർവിസിനായി ടെൻഡറും ക്ഷണിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ പ്രസ്താവനകളല്ലാതെ കാര്യമായൊന്നും നടക്കുന്നില്ല. കപ്പൽ സർവിസുമായി നോർക്കയും സംസ്ഥാന സർക്കാറും മുന്നോട്ടുവന്നാൽ പിന്തുണക്കമെന്നും നേതാക്കൾ പറഞ്ഞു.
ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന അൽ ഇബ്തിസാമ സ്കൂളിന് സ്വന്തം സ്ഥലമനുവദിക്കാൻ ഷാർജ ഭരണാധികാരിക്ക് നിവേദനം നൽകിയതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് പറഞ്ഞു.
ഷാർജ ഭരണകൂടം അസോസിയേഷന് അനുവദിച്ച 20 ലക്ഷം ദിർഹം സർക്കാർ അനുവദിക്കുന്ന സ്ഥലത്ത് സ്കൂൾ കെട്ടിടം നിർമിക്കാനായി വിനിയോഗിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ട്രഷറർ ഷാജി ജോൺ, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജോയന്റ് സെക്രട്ടറി ജിബി ബേബി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ മുരളി എടവന, അനീസ് റഹ്മാൻ നീർവേലി, മുഹമ്മദ് അബൂബക്കർ, നസീർ കുനിയിൽ, സജി മാത്യു മണപ്പാറ, പ്രഭാകരൻ പയ്യന്നൂർ, കെ.കെ. ത്വാലിബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.