വളർച്ചാകുതിപ്പുമായി ഗൾഫ് മാധ്യമം; ഇപ്സോസ് സർവേയിൽ വീണ്ടും ബഹുദൂരം മുന്നിൽ
text_fieldsദുബൈ: ലോകമൊട്ടുക്ക് വാണിജ്യ-സാമ്പത്തിക മേഖലയിൽ മാന്ദ്യംരേഖപ്പെടുത്തിയ കോവിഡ് കാലഘട്ടത്തിലും ഗൾഫ് മേഖലയിൽ മികച്ച വളർച്ച കൈവരിച്ച് പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ പ്രിയ പത്രമായ ഗൾഫ് മാധ്യമം. മാർക്കറ്റിങ് ഗവേഷണ രംഗത്തെ ആധികാരിക ഏജൻസിയായ ഇപ്സോസിന്റെ ഏറ്റവും പുതിയ റീഡർഷിപ് സർവേ പ്രകാരം കോവിഡ് കാലത്തും വളർച്ച രേഖപ്പെടുത്തിയ ഏകപത്രമാണ് ഗൾഫ് മാധ്യമം. നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമെല്ലാം വാർത്ത നൽകുേമ്പാഴും ഗൾഫ് മേഖലയിലെ കൂടുതൽ മലയാളികൾ വിശ്വാസം രേഖപ്പെടുത്തിയത് അച്ചടി മാധ്യമങ്ങളിലെ വാർത്തകളിലാണ്.
അറബ് - ഇംഗ്ലീഷ് പത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അതിശക്തമായി അതിജീവിച്ച ഭാഷയും മലയാളമാണ്. എല്ലാ ഗൾഫ് രാജ്യങ്ങളിലും അറബി-ഇംഗ്ലീഷ് പത്രങ്ങൾക്കൊപ്പം മുൻനിരയിലുള്ള ഏകപത്രമാണ് ഗൾഫ് മാധ്യമം.
കോവിഡ് നിയന്ത്രണങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിൽ പ്രാദേശിക പത്രങ്ങൾ പോലും അച്ചടി നിർത്തിവെച്ചപ്പോഴും യു.എ.ഇയിൽ ഗൾഫ് മാധ്യമം ഒരു ദിവസം പോലും മുടങ്ങാതെ ആധികാരികമായ വാർത്തകൾ വായനക്കാരിലെത്തിച്ചു. ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം കോവിഡ് കാലത്ത് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വളർച്ച രേഖപ്പെടുത്തി. വിശ്വാസ്യവും ലളിതവുമായ ഉള്ളടക്കവും സാമൂഹിക വിഷയങ്ങളിൽ പുലർത്തുന്ന പ്രതിബദ്ധതയുമാണ് പത്രത്തെ വായനക്കാരുടെ പ്രിയപ്പെട്ടതാക്കിയതെന്ന് സർവേ വ്യക്തമാക്കുന്നു.
കോവിഡ് പിടിമുറുക്കിയ ഘട്ടത്തിൽ ഏറെ സൂക്ഷ്മതയോടെ സത്യസന്ധമായ വിവരങ്ങൾമാത്രം ലഭ്യമാക്കാൻ ഗൾഫ് മാധ്യമത്തിനായി. ലോക്ഡൗൺ സൃഷ്ടിച്ച മാനസിക വിഷമതകളെ ചെറുക്കാനുതകുംവിധം കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടനവധി പംക്തികൾ ഗൾഫ് മാധ്യമം ഒരുക്കി. വിമാന വിലക്കുകളെ തുടർന്ന് നാടണയാൻ കഴിയാതെ പ്രയാസപ്പെട്ട നൂറുകണക്കിനാളുകൾക്ക് വിമാനയാത്ര ടിക്കറ്റുകൾ നൽകി കുടുംബങ്ങൾക്കരികിലെത്തിച്ച മിഷൻ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയും ഗൾഫ് മാധ്യമത്തിന്റെ സാമുഹിക പ്രതിബദ്ധതയുടെ തെളിവായി.
വിദേശത്ത് നടക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ-സാംസ്കാരിക സംഗമമായ 'കമോൺ കേരള', സൗദി സർക്കാറിന്റെ അനുമതിയോടെ അരങ്ങേറിയ ആദ്യ മെഗാ ഷോ 'അഹ്ലൻ കേരള', പ്രവാസി ജനതക്കിടയിലെ സാമൂഹിക സൗഹാർദം ഊട്ടിയുറപ്പിക്കാൻ സംഘടിപ്പിച്ച ഹാർമണിയസ് കേരള എന്നിവയുടെ വിജയകരമായ സംഘാടനവും ഗൾഫ് മാധ്യമത്തിന് ജനങ്ങളിലും അറബ് സമൂഹത്തിലുമുള്ള സ്വീകാര്യത വ്യക്തമാക്കുന്നു. കമോൺ കേരളക്ക് ഷാർജ ഭരണാധികാരിയും അഹ്ലൻ കേരളക്ക് സൗദി സാംസ്കാരിക മന്ത്രാലയവും ഹാർമണിയസ് കേരളക്ക് മസ്കത്ത് നഗരസഭയുമാണ് രക്ഷകർതൃത്വം വഹിച്ചത്. മഹാമാരി പ്രതിരോധ സന്ദേശങ്ങൾ പ്രവാസി ജനസമൂഹങ്ങളിലെത്തിക്കാൻ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ തെരഞ്ഞെടുത്തതും ഗൾഫ് മാധ്യമത്തെയാണ്.
പല പത്രങ്ങളും അടച്ചുപൂട്ടുകയോ പതിപ്പുകൾ വെട്ടിച്ചുരുക്കി പിടിച്ചു നിൽക്കുകയോ ചെയ്ത ഘട്ടത്തിൽ യു.എ.ഇയിൽ എല്ലാ വെള്ളിയാഴ്ചകളിലും ട്വിൻ ഇഷ്യൂവുമായാണ് ഗൾഫ്മാധ്യമം വായനക്കാരിലെത്തുന്നത്. മാധ്യമം പ്രസിദ്ധീകരിക്കുന്ന കുടുംബം മാഗസിനാണ് ജി.സി.സി യിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള കുടുംബ പ്രസിദ്ധീകരണം.
വായനക്കാരുമായി പുലർത്തുന്ന ജൈവിക ബന്ധവും പ്രവാസി സമൂഹം അർപ്പിച്ച വിശ്വാസവുമാണ് ഈ വളർച്ചക്ക് കരുത്തു പകർന്നതെന്നും ഏതു വേളയിലും ഒപ്പം നിന്ന സമൂഹത്തിന്റെ ശബ്ദമായി തുടരുമെന്നും ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.