ഗൾഫ് മാധ്യമം 'ഹീൽമി കേരള'ക്ക് ഉജ്ജ്വല തുടക്കം
text_fieldsമസ്കത്ത്: ആരോഗ്യമേഖലയിലെ കേരളത്തിന്‍റെ ആഗോള മാതൃക ഒമാനി സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഗൾഫ് മാധ്യമം 'ഹീൽമി കേരള'ക്ക് തുടക്കമായി. ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ഇന്ത്യൻ പവിലിയനിലെ 'ഹീൽമി കേരള' സയ്യിദ് ഫഹർ ബിൻ ഫാത്തിക് ബിൻ ഫഹർ അൽസഈദ് ഉദ്ഘാടനംചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ എക്‌സിബിഷൻസ് ഓർഗനൈസിങ് കമ്പനിയായ 'കണക്ടാണ്' ഒമാൻ ഹെൽത്ത് എക്സിബിഷൻ സംഘടിപ്പിക്കുന്നത്.
കേരളത്തിൽനിന്നുള്ള പ്രമുഖരായ 40ലധികം ആരോഗ്യ സ്ഥാപനങ്ങളാണ് ഹീൽമി കേരളയുടെ ഭാഗമായി പങ്കെടുക്കുന്നത്. ബുധനാഴ്ചവരെ നീളുന്ന പരിപാടിയിൽ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശന സമയം. പ്രമേഹം, നടുവേദന, വന്ധ്യത, നേത്രരോഗം, ഇ.എൻ.ടി, ആയുർവേദം, യൂനാനി തുടങ്ങിയ വിഭാഗങ്ങളിലായി സൗജന്യ പരിശോധനയും കേരളത്തിലെ പ്രശസ്ത ആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സേവനവും സ്റ്റാളുകളിൽ ലഭ്യമാകുന്നുണ്ട്. ആദ്യദിനം സ്വദേശികളടക്കമുള്ള നൂറുകണക്കിന് ആളുകളാണ് ഈ സേവനം പ്രയോജനപ്പെടുത്തിയത്. സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ നേട്ടങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ഗൾഫ് മാധ്യമം ഹീൽമി കേരള പവിലിയനിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്പിനോട് കിടപിടിക്കുന്നതാണ് കേരളത്തിന്‍റെ ആരോഗ്യമേഖല. പരമ്പരാഗത ചികിത്സരീതിയുൾപ്പെടെ കേരളത്തിന്‍റെ ആരോഗ്യമേഖലയിലെ ഉണർവുകൾ ഒമാനി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിലേക്കുകൂടി വ്യാപിപ്പിക്കാനും മേളകൊണ്ട് ലക്ഷ്യമിടുന്നുണ്ട്. സുൽത്താനേറ്റിലെ ഏറ്റവും വലിയ ആരോഗ്യമേളയാണ് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസ്. ഉദ്ഘാടനച്ചടങ്ങിൽ ഒമാൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. വലീദ് അൽസദ്ജാലി, ഗൾഫ് മാധ്യമം ഒമാൻ റെസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ, ഗൾഫ് മാധ്യമം ഗ്ലോബൽ ബിസിനസ് ഹെഡ് മുഹമ്മദ് റഫീഖ്, കൺട്രി ഹെഡ്-ഓപറേഷൻ മുഹ്സിൻ എം. അലി, കൺട്രിഹെഡ്-ബിസിനസ് സൊലൂഷൻ കെ. ജുനൈസ്, മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
ടൂറിസം മേഖലക്ക് ഗുണംചെയ്യും -ഇന്ത്യൻ അംബാസഡർ
മസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷനോടനുബന്ധിച്ച് നടത്തുന്ന 'ഹീൽമി കേരള' കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലെ ടൂറിസം മേഖലക്ക് ഗുണംചെയ്യുമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്. ഹീൽമി കേരള പവിലിയന്‍റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന്, വിശിഷ്യ ഒമാനിൽനിന്നടക്കം നിരവധിപേരാണ് ചികിത്സതേടി എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം സൗകര്യങ്ങളാണ് കേരളത്തിലടക്കമുള്ളതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ് പ്രദർശനം.
കോവിഡിനുശേഷം ഇന്ത്യയിലെ ആരോഗ്യ-ടൂറിസം മേഖലയിൽ ഉണർവ് പ്രകടമാണ്. ഇത് പ്രയോജനപ്പെടുത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സാധിക്കും. മേളയിൽ ഭൂരിഭാഗവും ഇന്ത്യയിൽനിന്നുള്ള സ്റ്റാളുകളാണ്. ഇതിൽ അത്ഭുതപ്പെടാനില്ല. ഇന്ത്യയിലെ ആരോഗ്യരംഗത്തെ ഇവിടത്തെ സ്വദേശി പൗരന്മാർ എത്രത്തോളം വിശ്വസിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.