ഗൾഫ് മാധ്യമം ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ്
text_fieldsഷാർജ: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്തോ-അറബ് വാണിജ്യ സാംസ്കാരിക വിനിമയത്തിന് കരുത്തുപകരാൻ ഗൾഫ് മാധ്യമം ‘കമോൺ കേരള’യിൽ വനിത പ്രതിഭകൾക്ക് സ്നേഹാദരം.
മാറുന്ന ലോകത്തെ മുന്നിൽനിന്ന് നയിക്കുന്നതിൽ മാതൃകയായ ഇന്ത്യയിലെയും അറബ് ലോകത്തെയും ആറ് വനിതകളെയാണ് ആദരിക്കുന്നത്. കല, സംരംഭകത്വം, ആരോഗ്യം, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളിൽ തിളങ്ങിയ സുആദ് അൽ സുവൈദി, പാർവതി തിരുവോത്ത്, ഫാതിൻ അഹ്മദ്, അഞ്ജലി മേനോൻ, സോണിയ മൻചന്ദ, ഡോ. ഫെബിന സുൽത്താന എന്നിവർക്കാണ് ആദരമർപ്പിക്കുന്നത്.
ആദ്യ അറബ് വനിത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ എന്നനിലയിൽ പ്രസിദ്ധിനേടിയ ഇമാറാത്തി വനിതയാണ് സുആദ് അൽ സുവൈദി. രാജ്യം ശ്രദ്ധിക്കുന്ന അഭിനേത്രി എന്നതിനൊപ്പം നിലപാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കൂടി പേരിൽ ബഹുമാനം നേടിയ മലയാളി വ്യക്തിത്വമാണ് പാർവതി തിരുവോത്ത്.
യു.എ.ഇയിൽനിന്ന് അറബ് പ്രേക്ഷകലോകത്തിന്റെ ഹൃദയം കവർന്ന നടിയും മോഡലുമാണ് ഫാതിൻ അഹ്മദ്. അറബ് ടെലിവിഷൻ പരമ്പരകളിലെ മികച്ച പ്രകടനത്തിനു പുറമെ പരസ്യ മേഖലയിലും തിളങ്ങി.
അഞ്ജലി മേനോൻ ബാംഗ്ലൂർ ഡേയ്സ്, കൂടെ, വണ്ടർ വുമൺ എന്നീ സിനിമകളിലൂടെ സംവിധായിക എന്ന നിലയിലും ‘ഉസ്താദ് ഹോട്ടൽ’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്ത് എന്നനിലയിലും മികവ് തെളിയിച്ചു.
സ്പ്രെഡ് ഡിസൈൻ സ്ഥാപകയായ സോണിയ മൻചന്ദ വേൾഡ് ഡിസൈൻ ഓർഗനൈസേഷൻ അംഗമാണ്. സാമൂഹിക പ്രതിബദ്ധതയും അർപ്പണബോധവുമുള്ള ആരോഗ്യ പ്രവർത്തക എന്നനിലയിലാണ് ഡോ. ഫെബിന സുൽത്താനയെ ആദരിക്കുന്നത്. കമോൺ കേരളയുടെ മുഖ്യ വേദിയിൽ ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ ഇന്ത്യ-അറബ് മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.