'ഗൾഫ് മാധ്യമം' ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു
text_fieldsറിയാദ്: 'ഗൾഫ് മാധ്യമം' ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറയും ഇന്ത്യ-സൗദി സൗഹൃദത്തിെൻറയും 75ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഇന്ത്യ @75 ഫ്രീഡം ക്വിസ്' ഗ്രാൻഡ് ഫിനാലെ സമാപിച്ചു.
ഫൈനൽ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ കുശ് റാം മഹാലക്ഷ്മിക്കും സീനിയർ വിഭാഗത്തിൽ അസ്ന ശാഫിക്കും ഒന്നാം സ്ഥാനം. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളാണ് കുശ്റാം മഹാലക്ഷ്മിയും അസ്ന ശാഫിയും. ജൂനിയർ വിഭാഗത്തിൽ നൈറ ഷഹദാൻ (ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂൾ, റിയാദ്) രണ്ടാം സ്ഥാനവും ഗൗതം കൃഷ്ണ (അൽമനാർ ഇൻറർനാഷനൽ സ്കൂൾ, യാംബു) മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ ധ്രുവ് ജെയിൻ (ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, ദമ്മാം) രണ്ടാം സ്ഥാനവും ഇനിയൻ ശിവകുമാർ (ന്യൂ മിഡിൽ ഈസ്റ്റ് ഇൻറർനാഷനൽ സ്കൂൾ, റിയാദ്) മൂന്നാം സ്ഥാനവും നേടി.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആറു വീതം പേർ ആയിരുന്നു ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. ഒക്ടോബർ ഒന്നിന് ഓൺലൈനായി നടന്ന സെമി ഫൈനൽ മത്സരങ്ങളിൽനിന്ന് വിജയിച്ചാണ് ഈ കുട്ടികൾ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
കോവിഡ് മാനദണ്ഡപ്രകാരം ഒരുക്കിയ വേദിയിലാണ് ഗ്രാൻഡ് ഫിനാലെ നടന്നത്. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ഏഴുതവണ ലിംക ബുക്ക് ഒാഫ് റെക്കോഡ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ഗിരി 'പിക്ക് െബ്രയിൻ' ബാല സുബ്രഹ്മണ്യനാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരം നയിച്ചത്. ഒന്നാം സ്ഥാനക്കാർക്ക് 4,000 സൗദി റിയാൽ മൂല്യമുള്ളതാണ് സമ്മാനം. 2,500 റിയാൽ വിലമതിക്കുന്ന സമ്മാനം രണ്ടാം സ്ഥാനക്കാർക്കും 2,000 റിയാൽ വിലയുള്ള സമ്മാനം മൂന്നാം സ്ഥാനക്കാർക്കും ലഭിക്കും.
ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കുശ് റാം മഹാലക്ഷ്മി മഹാരാഷ്ട്ര പുണെ സ്വദേശിയാണ്.
ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി. റാം മഹാലക്ഷ്മിയും പ്രീതി മഹാലക്ഷ്മിയും മാതാപിതാക്കൾ.
2019ലെ ശാസ്ത്ര പ്രതിഭ പുരസ്കാരം നേടിയ കുശ് റാം ത്രീയെക്സ് സ്കൂൾ ടാലൻറ് സെർച് വിന്നർ, ടോസ്റ്റ്മാസ്റ്റർ യൂത്ത് ലീഡർഷിപ് പ്രോഗ്രാം വിന്നർ എന്നീ സമ്മാനങ്ങളും നേടിയിട്ടുണ്ട്. സീനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനാർഹയായ അസ്ന ഷാഫി തിരുവനന്തപുരം സ്വദേശിനിയാണ്. ദമ്മാം ഇന്ത്യൻ സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥി. മുഹമ്മദ് ഷാഫിയുടെയും മുബീനയുടെയും മകൾ. മലയാളം മിഷൻ ക്വിസ് മത്സരം, രിസാല സ്റ്റഡി സർക്കിൾ കവിതരചന മത്സരം, മാധ്യമം എജുകഫേ ക്വിസ് മത്സരം എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ജൂനിയർ വിഭാഗത്തിൽ രണ്ടാം സമ്മാനാർഹയായ നൈറ ഷഹദാൻ എം.പി. ഷഹദാൻ-ഫജ്ന കൊട്ടംപറമ്പിൽ എന്നീ ദമ്പതികളുടെ മകളാണ്. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനി. സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ സമ്മാനിത. ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനക്കാരനായ ഗൗതം കൃഷ്ണ ദിവാകർ യാംബു അൽമനാർ ഇൻറർനാഷനൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി സ്വദേശി. ദിവാകർ ഗാന്ധി- വിദ്യ ദിവാകർ ദമ്പതികളുടെ മകൻ.
സീനിയർ വിഭാഗത്തിൽ രണ്ടാം സമ്മാനം നേടിയ ധ്രുവ് ജയിൻ രാജസ്ഥാൻ ജയ്പുർ സ്വദേശിയാണ്. ദമ്മാം ഇന്ത്യൻ സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥി. രാജീവ് െജയിനും മംമ്ത ജെയിനുമാണ് മാതാപിതാക്കൾ.
സീനിയർ വിഭാഗത്തിൽ മൂന്നാം സമ്മാനാർഹനായ ഇനിയൻ ശിവകുമാർ തമിഴ്നാട് സ്വദേശിയാണ്. റിയാദിലെ ന്യൂ മിഡിലീസ്റ്റ് സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി. ശിവകുമാർ കന്ദസ്വാമിയും ചിത്രയുമാണ് മാതാപിതാക്കൾ.
സെപ്റ്റംബർ 24ന് ആരംഭിച്ച ക്വിസ് മത്സരം ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൻ കീഴിലാണ് നടന്നത്. ലുലു ഗ്രൂപ്പായിരുന്നു മുഖ്യപ്രായോജകർ. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പതിനായിരത്തോളം വിദ്യാർഥികൾ പ്രാഥമിക റൗണ്ട് മത്സരത്തിൽ പങ്കെടുത്തു. അതിൽനിന്ന് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി െതരഞ്ഞെടുക്കപ്പെട്ട 300 കുട്ടികളാണ് ഈ മാസം ഒന്നിന് നടന്ന സെമിഫൈനലിൽ മത്സരിച്ചത്. 12 കുട്ടികളാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.