രുചി മേളം തീർക്കാൻ ദുബൈ; ‘ഗൾഫുഡി’ന് നാളെ തുടക്കം
text_fieldsദുബൈ: ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നുമുള്ള രുചിഭേദങ്ങളെ പരിചയപ്പെടുത്തുന്ന ഭക്ഷ്യ, പാനീയ ഉൽപാദന വിതരണ രംഗത്തെ ഏറ്റവും വലിയ പ്രദർശനമായ ‘ഗൾഫുഡി’ന്റെ 29ാം എഡിഷന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തിങ്കളാഴ്ച തുടക്കമാവും. ഫെബ്രുവരി 19 മുതൽ 23 വരെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഭക്ഷ്യ ഉത്പന്ന, വിതരണ രംഗത്തുള്ള ലോകത്തെ ഏറ്റവും പ്രമുഖരായ 5,500 കമ്പനികളാണ് പങ്കെടുക്കുന്നത്. എട്ട് മേഖലകളിൽ നിന്നായി ഒരു ലക്ഷത്തിലധികം പുതിയ ഉൽപ്പന്നങ്ങളും നൂതന ആശയങ്ങളും ഇവർ പ്രദർശിപ്പിക്കും. 190 പവലിയനുകളാണ് ഇത്തണ ഒരുക്കുന്നത്. 49 ശതമാനം പുതിയ പ്രദർശകർ മേളയുടെ ഭാഗമാകും. വിശാലമായ സൗകര്യങ്ങളോടെ 24 ഹാളുകളിലാണ് ഇത്തവണ പ്രദർശനം. ആകെ 10 ലക്ഷം ചതുശ്ര അടിയി വിസ്തീർണത്തിലാണ് പ്രദർശനം ഒരുക്കുന്നത്. ഭക്ഷ്യ പ്രദർശനത്തോടൊപ്പം സുസ്ഥിരമായ ആശയങ്ങളും പ്രകൃതി സൗഹൃദ പദ്ധതികളും കമ്പനികൾ അവതരിപ്പിക്കും.
പുതിയ കമ്പനികൾക്ക് പരസ്പരം ചർച്ച ചെയ്യാനും സഹകരണ കരാറുകളിലെത്താനും മേളയെ ഉപയോഗപ്പെടുത്തും. അന്താരാഷ്ടട്ര തലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേരുന്ന മേളയിൽ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രദർശനവും വിൽപനയും നിക്ഷേപ സാധ്യതകളും തുറന്നിടുന്ന മേളയിൽ ഭക്ഷ്യ ഉത്പന്ന മേഖലയിലെ പുതിയ സാധ്യതകളും പദ്ധതികളും ചർച്ച ചെയ്യും. ലോക പ്രശസ്തരായ സെലിബ്രിറ്റി ഷെഫുമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഭക്ഷ്യരുചികൾ തേടി അഞ്ചു ദിവസവും സന്ദർശകർ ദുബൈയിലേക്കൊഴുകും. ഗൾഫുഡിനെത്തുന്നവർക്ക് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും സൗജന്യ ഷട്ടിൽ സർവീസ്, പാർക്കിങ് സൗകര്യങ്ങൾ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.