ഗൾഫുഡിന് ദുബൈയിൽ ഉജ്ജ്വല സമാപനം
text_fieldsദുബൈ: ഭക്ഷ്യലോകത്തെ അനന്തമായ ബിസിനസ് സാധ്യതകൾ പരിചയപ്പെടുത്തി അഞ്ചുദിവസമായി നീണ്ടുനിന്ന ഗൾഫുഡിന് ദുബൈയിൽ ഉജ്ജ്വല സമാപനം. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന 29ാമത് എഡിഷനിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി സന്ദർശിച്ചത് ഒന്നര ലക്ഷം പേർ. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപ്രദർശനമെന്ന ഖ്യാതിയോടെയാണ് ഗൾഫുഡിന് വീണ്ടും സമാപനം കുറിക്കുന്നത്.
ഭക്ഷ്യരംഗത്തെ സംരംഭകർക്ക് പുതിയ ആശയങ്ങൾ കണ്ടെത്താനും ലോകത്തെ പ്രമുഖ കമ്പനികളുമായി സംവദിക്കാനുമുള്ള മികച്ച വേദിയായിരുന്നു ഗൾഫുഡ്. 190 രാജ്യങ്ങളിൽനിന്നുള്ള 5,500 കമ്പനികളാണ് ഇത്തവണ പ്രദർശനമൊരുക്കിയിരുന്നത്. കഴിഞ്ഞവർഷം പ്രദർശകരുടെ എണ്ണം 5,000 ആയിരുന്നു. വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനത്തോടൊപ്പം ശതകോടികളുടെ കരാറുകളും മേളയിൽ ഒപ്പുവെക്കപ്പെട്ടു.
ഭക്ഷ്യസംസ്കരണ, പാനീയരംഗത്തെ ലോകോത്തര കമ്പനികൾക്കൊപ്പം ലുലു ഗ്രൂപ്, ആർ.കെ.ജി, നെല്ലറ, ഈസ്റ്റേൺ, എം.ടി.ആർ, ജലീൽ ഡിസ്ട്രിബ്യൂഷൻ, ജലീൽ കാഷ് ആൻഡ് ക്യാരി, റെയിൻബോ, ടേസ്റ്റി ഫുഡ്, ഐഡി ഫ്രഷ്, ഹോട്ട് പാക് തുടങ്ങിയ മലയാളി സംരംഭകരും മേളയുടെ ഭാഗമായിരുന്നു. ആകെ 10 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 27 ഹാളുകളിലായാണ് മേള സംഘടിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 49 ശതമാനം അധികം സംരംഭകർ മേളയിലെത്തിയിരുന്നു. ലോക പ്രശസ്തരായ ഷെഫുമാരുടെ നേതൃത്വത്തിൽ കുക്കിങ് മേഖലയുമായി ബന്ധപ്പെട്ട വിവിധ സെഷനുകളും അരങ്ങേറി. ഭക്ഷ്യവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം സുസ്ഥിരമായ ആശയങ്ങളുടെ പരസ്പര കൈമാറ്റത്തിന്റെ വേദി കൂടിയായിരുന്നു ഗൾഫുഡ്.
ഓരോ വർഷവും മേളയിൽ എത്തുന്ന പ്രദർശകരുടെയും സന്ദർശകരുടെയും എണ്ണം വർധിക്കുന്നത് ദുബൈ നഗരത്തിന്റെ ബിസിനസ് സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി മികച്ച ഗതാഗത സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു.
ദുബൈ സാമ്പത്തിക അജണ്ടയായ ഡി33യുമായി ചേർന്ന് നിൽക്കുന്നതാണ് ഗൾഫുഡ് ആശയം. അടുത്ത പത്തു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ മൂന്നു നഗര സാമ്പത്തിക ശക്തിയായ ദുബൈയെ മാറ്റുകയാണ് ലക്ഷ്യം. 2033ഓടെ വിദേശവ്യാപാരം 25.6 ലക്ഷം കോടിയിലെത്തിക്കുകയാണ് ഡി33യുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.