ഇറാനിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ യു.എ.ഇയിൽ
text_fieldsദുബൈ: ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിൽ സെക്രട്ടറി അലി ശംഖാനി അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അൽ ശാത്വി കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു വിഭാഗങ്ങൾക്കും ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ, മേഖലയിൽ സമാധാനവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം തുടങ്ങിയവ ചർച്ചയായി. നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ സൗദിയും ഇറാനും ചൈനയിൽ നടന്ന ചർച്ചയിൽ തീരുമാനിച്ച് ദിവസങ്ങൾക്കകം നടന്ന കൂടിക്കാഴ്ച വളരെ പ്രാധാന്യപൂർവമാണ് വിലയിരുത്തപ്പെടുന്നത്.
കൂടിക്കാഴ്ചയിൽ യു.എ.ഇ ഭാഗത്തുനിന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് എന്നിവരും പങ്കെടുത്തു. നേരത്തെ ശൈഖ് തഹ്നൂൻ, ശംഖാനിമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചചെയ്തു. മേഖലയിൽ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളുടെയും താൽപര്യം ചർച്ചയിൽ ഉയർന്നുവന്നു.
2016ൽ സൗദി ഇറാനുമായുള്ള സഹകരണം വിച്ഛേദിച്ചതിന് പിന്നാലെയാണ് യു.എ.ഇ-ഇറാൻ ബന്ധവും കുറഞ്ഞത്. എന്നാൽ, 2021ൽ ശൈഖ് തഹ്നൂൻ ഇറാൻ സന്ദർശിക്കുകയും പ്രസിഡന്റ് ഇബ്രാഹീം റഈസിയുമാലും ശംഖാനിയുമായും ചർച്ച നടത്തിയിരുന്നു. പിന്നീട് ഈ വർഷം ജനുവരിയിൽ ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകരണം സംബന്ധിച്ച് ഇറാൻ പ്രതിനിധിസംഘം അബൂദബിയിലെത്തി ചർച്ച നടത്തുകയും ചെയ്തു. ഇതിന്റെ തുടർച്ചയായ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളുമായി ഇറാൻ കൂടുതൽ അടുക്കാൻ സൗദിയുമായി ബന്ധം പുനഃസ്ഥാപിച്ചത് സഹായിക്കുമെന്ന് നേരത്തെതന്നെ വിലയിരുത്തപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.