ഹാദാ വഖ്തുനാ... ഹൃദയം കീഴടക്കി എക്സ്പോ ഗാനം
text_fieldsദുബൈ: മഹാമേളക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എക്സ്പോ ഗാനം പുറത്തിറക്കി. 'ദിസ് ഈസ് അവർ ടൈം' (ഹാദാ വഖ്തുനാ) എന്ന ഗാനം ദുബൈയുടെ പാരമ്പര്യത്തിെൻറയും സംസ്കാരത്തിെൻറയും അടയാളപ്പെടുത്തലാണ്. 'മനസ്സുകളെ ഒന്നിപ്പിക്കുന്നു, ഭാവിയെ രൂപപ്പെടുത്തുന്നു' എന്ന എക്സ്പോയുടെ മുദ്രാവാക്യം ഏറ്റുപാടുകയാണ് പുതിയ ഗാനത്തിലൂടെ.
യു.എ.ഇയിലെ മികച്ച കലാകാരനും എക്സ്പോയുടെ അംബാസഡറുമായ ഹുസൈൻ അൽ ജസ്മി, ഗ്രാമി നാമനിർദേശം ചെയ്യപ്പെട്ട ലബനീസ്- അമേരിക്കൻ ഗായികയും എഴുത്തുകാരിയുമായ മയ്സ കരാ, 21കാരിയായ ഇമാറാത്തി ഗായിക അൽമാസ് എന്നിവരാണ് വിഡിയോയിൽ എത്തുന്നത്. എക്സ്പോയിൽ ഗാനവിരുന്നൊരുക്കുന്ന വനിതകളുടെ ഫിർദൗസ് ഓർക്കസ്ട്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ കൂടിയാണ് മയ്സ. സ്പോട്ടിഫൈയുടെ മിഡ്ൽ ഈസ്റ്റിലെ മികച്ച വനിത താരമാണ് അൽമാസ്.
യൂ ട്യൂബിലും ദുബൈയിലെ വിവിധ സോഷ്യൽ മീഡിയകളിലും അപ്ലോഡ് ചെയ്ത ഗാനം മിനിറ്റുകൾക്കകം ലക്ഷങ്ങളാണ് കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി സ്ക്രീനായ അൽവാസൽ ഡോമിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. എക്സ്പോ വേദിയുടെ ചില ഭാഗങ്ങൾ വിഡിയോയിൽ കാണിക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളുടെ പതാകകൾ വിഡിയോയിൽ ദൃശ്യമാണ്. വൺ വോയ്സ്, വൺ ഫാമിലി എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങളും വിഡിയോയിലൂടെ കാണാം. ഇംഗ്ലീഷിൽ തുടങ്ങുന്ന ഗാനം പകുതിയാകുേമ്പാൾ അറബിയിലേക്കും മാറുന്നു. ലോകത്തെ ഒന്നിപ്പിക്കുന്ന എക്സ്പോയിലേക്ക് സന്ദർശകരെ എത്തിക്കാൻ ഈ ഗാനത്തിന് കഴിയുമെന്ന് എക്സ്പോ ചീഫ് എക്സ്പീരിയൻസ് ഓഫിസർ മാർജൻ ഫറൈദൂനി പ്രത്യാശ പ്രകടിപ്പിച്ചു.
യു.എ.ഇയുടെ നേട്ടങ്ങൾക്കുള്ള ആദരവാണ് ഈ ഗാനമെന്ന് ഹുസൈൻ അൽ ജസ്മി പറഞ്ഞു. ഇമാറാത്തിയായതിൽ അഭിമാനിക്കുന്നുവെന്നും ഈ രാജ്യത്തിെൻറ ചരിത്രത്തിെൻറ ഭാഗമാകുന്ന ഗാനത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അൽമാസ് പറഞ്ഞു. അറബ് ലോകത്തിനാകമാനം ഇത് അഭിമാന മുഹൂർത്തമാണെന്നും ഈ ഗാനത്തിലൂടെ എല്ലാവരെയും പ്രചോദിപ്പിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും മയ്സ കരാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.