ഹഫിയ്യ തടാകം തുറന്നു: കൽബക്ക് പുതിയ വിനോദകേന്ദ്രം
text_fieldsഷാർജ: എമിറേറ്റിലെ മലയോര, തീരദേശ മേഖലയായ കൽബയിൽ പുതിയ വിനാദ സഞ്ചാരകേന്ദ്രം തുറന്നു. മലയടിവാരത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന അൽ ഹഫിയ്യ എന്നുപേരിട്ട മനോഹര തടാകമാണ് സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി സന്ദർശകർക്കായി ശനിയാഴ്ച തുറന്നുനൽകിയത്. ഷാർജ-കൽബ റോഡിൽ അൽ ഹിയാർ ടണൽ കഴിഞ്ഞ ഉടനാണിത് സ്ഥിതി ചെയ്യുന്നത്. എമിറേറ്റിൽ നടപ്പാക്കുന്ന വിവിധ നഗര വികസന പദ്ധതികളുടെ ഭാഗമായാണ് പദ്ധതി പൂർത്തിയാക്കിയത്.
തടാകത്തിന് ചുറ്റും 3.17കി.മീറ്റർ നീളത്തിൽ രണ്ട് ലെയിൻ റോഡ് നിർമിച്ചിട്ടുണ്ട്. സന്ദർശകർക്ക് തടാകത്തിന്റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും സാധിക്കും. കുട്ടികൾക്കായി 630ച. മീറ്റർ വിസ്തൃതിയിൽ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും മറ്റും യോജിച്ച വിനോദകേന്ദ്രമെന്ന നിലയിൽ നിർമിച്ച പ്രദേശത്ത് 495പേർക്ക് നമസ്കാരത്തിന് സൗകര്യമുള്ള പള്ളിയും പണിതിട്ടുണ്ട്. ആകെ 1.32ലക്ഷം ച. മീറ്റർ വൃസ്തൃതിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. പർവത മേഖലകൾക്ക് യോജിച്ച ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. മലകളിൽനിന്ന് വരുന്ന വെള്ളം തടാകത്തിൽ ശേഖരിക്കാൻ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
155 ദശലക്ഷം ഗാലൻ ശേഷിയും നാല് മീറ്റർ ആഴവുമുള്ള തടാകത്തിലേക്ക് താഴ്ന്ന പ്രദേശങ്ങളിൽനിന്നും ചുറ്റുമുള്ള പർവതങ്ങളിൽനിന്നുമാണ് വെള്ളം എത്തിക്കുന്നത്. തടാകം തുടർച്ചയായി മാലിന്യങ്ങളിൽനിന്നും ശുദ്ധീകരിക്കുന്നതിന് മൂന്ന് തടയണകളും ഫിൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയോടനുബന്ധിച്ച് അൽ ഹഫിയ്യ റസ്റ്റ് ഹൗസും നിർമിച്ചിട്ടുണ്ട്. 500ച. മീറ്റർ റെസ്റ്റ് ഹൗസിൽനിന്ന് തടാകത്തിലെ കാഴ്ചകൾ കാണാം. അതോടൊപ്പം കൽബയിലെ ഉയർന്ന പർവതങ്ങളും നേരത്തേ പ്രദേശത്ത് നിർമിച്ച ഹാങ്ങിങ് ഗാർഡനും വെള്ളച്ചാട്ടവും എല്ലാം വീക്ഷിക്കാനും കഴിയും.
ഉദ്ഘാടന ചടങ്ങിൽ ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.