കനത്ത മഴ; അൽഐനിൽ വീണ്ടും ആലിപ്പഴവർഷം
text_fieldsദുബൈ: ചൊവ്വാഴ്ച പുലർച്ചെയും പകലുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. പലയിടങ്ങളിലും മിന്നലിന്റെ അകമ്പടിയോടെയാണ് മഴയെത്തിയത്. മഴ പെയ്ത് പലയിടത്തും റോഡുകളിൽ വെള്ളം നിറഞ്ഞു. യാത്രക്കാർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷ മുൻകരുതലെടുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച വരെ രാജ്യത്തുടനീളം ഓറഞ്ച്, യെല്ലോ അലർട്ടുകൾ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമുദ്രമേഖലയിലും മഴക്ക് സാധ്യതയുണ്ട്. പർവത മേഖലകളിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്.
പല വാദികളും നിറഞ്ഞു കവിഞ്ഞ് സമീപത്തെ റോഡുകളിലൂടെ ഒഴുകാൻ തുടങ്ങി. അൽഐൻ, ഫുജൈറ, റാസൽഖൈമ, അബൂദബിയിലെ ചില തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. ദുബൈയിൽ ദുബൈ മറീന, ജുമൈറ ബീച്ച് റോഡ്, മെയ്ദാൻ, ശൈഖ് സായിദ് റോഡ്, ദേര എന്നിവിടങ്ങളിൽ മഴ ലഭിച്ചു. അതേസമയം ഹത്തയിൽ ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്തത്. അൽഐനിൽ ആലിപ്പഴവർഷം ഗതാഗത തടസ്സമുണ്ടാക്കി. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വ്യാപകമായ രീതിയിൽ ആലിപ്പഴ വീഴ്ച ഇത്തവണയുണ്ടായില്ല. ജാഗ്രത പാലിക്കണമെന്ന് നേരത്തേ അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.