അതിരുകളില്ലാതെ ഇഫ്താർ അനുഭവം പകർന്ന് ‘ഹലാ റമദാൻ’
text_fieldsദുബൈ: റമദാനും ഇഫ്താറും ദുബൈയിൽ എത്തുന്ന പലർക്കും പുത്തൻ അനുഭവമായിരിക്കും. പ്രത്യേകിച്ച് 200 രാഷ്ട്രങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന നഗരമെന്ന നിലയിൽ ചിലർക്കെങ്കിലും തീർത്തും അപരിചിതമായ ഒന്നായിരിക്കും നോമ്പ്. ഇത്തരക്കാർ അടക്കം എല്ലാവർക്കും റമദാനിന്റെ മധുരവും അനുഭവവും പകരാൻ ഒരുക്കിയ സംരംഭമാണ് ‘ഹലാ റമദാൻ’.
ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (ഐ.എ.സി.എ.ഡി) ദുബൈ ഹോൾഡിങ്ങുമായി സഹകരിച്ച് നടപ്പാക്കുന്ന സംരംഭത്തിന്റെ ഭാഗമായി റമദാനിലെ ആദ്യ മൂന്നു ദിവസങ്ങളിൽ 2000 ഇഫ്താർ ഭക്ഷണം വിതരണം ചെയ്തു. ബർഷ ഹൈറ്റ്സിലെ മുസ്ലിംകളും അല്ലാത്തവരുമായ ആറായിരം പേർക്കാണ് ഭക്ഷണം നൽകിയത്.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ആശയം പ്രചരിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
വിവിധ രാജ്യക്കാരും മതക്കാരുമായ നിരവധി പേർ സംരംഭത്തിൽ പങ്കെടുക്കുന്നതിനായി വൈകുന്നേരം മുതൽ ഹാമിൽ ഗൈഥ് മസ്ജിദിനു സമീപം ഒത്തുകൂടി. ഇസ്ലാമിനെക്കുറിച്ചും റമദാനിനെക്കുറിച്ചും പരിചയപ്പെടുത്തുന്ന അറബിയിലും ഇംഗ്ലീഷിലുമുള്ള ക്ലാസുകളും ഇവിടെ ഒരുക്കിയിരുന്നു.
കുട്ടികൾക്ക് കളിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും പ്രത്യേക സ്ഥലങ്ങളുമൊരുക്കിയിരുന്നു. എല്ലാ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ദുബൈയെ റമദാനിലെ ആകർഷകമായ കേന്ദ്രമാക്കി മാറ്റാനും ഇസ്ലാം, സഹിഷ്ണുത, ഇമാറാത്തി ജനതയുടെ പാരമ്പര്യങ്ങൾ എന്നിവ പരിചയപ്പെടുത്താനുമാണ് സംരംഭം ലക്ഷ്യമിടുന്നതെന്ന് ഐ.എ.സി.എ.ഡി ഡയറക്ടർ ജനറൽ ഡോ. ഹമദ് അൽ ശൈബാനി പറഞ്ഞു.
ഇഫ്താർ വിരുന്ന് വിതരണം ചെയ്യുക മാത്രമല്ല, വിവിധ സംസ്കാരങ്ങളിലും രാജ്യങ്ങളിലുമുള്ള ആളുകളെ ഒരിടത്ത് ഒരുമിച്ചുകൂട്ടുന്നതാണ് പരിപാടിയെന്ന് ദുബൈ കമ്യൂണിറ്റി മാനേജ്മെന്റ് ചീഫ് എക്സിക്യൂട്ടിവ് അബ്ദുൽ അസീസ് അൽ ഗർഗാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.