ആറുമാസത്തിനിടെ ആർ.ടി.എ നൽകിയത് അരലക്ഷം എൻ.ഒ.സികൾ
text_fieldsദുബൈ: എമിറേറ്റിലെ വിവിധ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്കുമായി കഴിഞ്ഞ ആറു മാസത്തിനിടെ ഇലക്ട്രോണിക് സംവിധാനം വഴി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അനുവദിച്ചത് 52,571 നിരാക്ഷേപ പത്രം (എൻ.ഒ.സി). 2023ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.4 ശതമാനത്തിന്റെ വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.
അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കുള്ള ഏകീകരിച്ച എൻ.ഒ.സി ലഭ്യമാക്കാനായി 11വ്യത്യസ്ത സേവനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ആർ.ടി.എയുടെ ഇ-സിസ്റ്റം. പദ്ധതികളുടെ വലുപ്പം അനുസരിച്ച് ഓരോ അപേക്ഷയുടെയും നടപടികൾ പൂർത്തീകരിക്കാൻ മൂന്നു മുതൽ ഏഴു ദിവസങ്ങൾ വരെയാണ് എടുക്കുക.
ഇ-സിസ്റ്റം വഴി ആകെ അനുവദിച്ച എൻ.ഒ.സികളിൽ 45.4 ശതമാനവും റോഡു നിർമാണ പ്രവൃത്തികൾക്ക് വേണ്ടിയാണെന്ന് ആർ.ടി.എയുടെ റൈറ്റ് ഓഫ് വേ ഡയറക്ടർ ബേസിൽ ഇബ്രാഹിം സാദ് പറഞ്ഞു. നിർമാണം, എൻജിനീയറിങ് കൺസൽട്ടൻസി, റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് സെക്ടർ എന്നീ മേഖലകളിലെ ഉയർന്ന ഡിമാൻഡാണ് എൻ.ഒ.സി വിതരണത്തിലെ വർധനയിലൂടെ പ്രതിഫലിക്കുന്നത്.
രൂപരേഖകളുടെ നിർമാണം, വാർത്തവിതരണ സേവനങ്ങൾ, പൂർത്തീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയവക്കാണ് മറ്റ് എൻ.ഒ.സികൾ നൽകിയത്. ദുബൈയുടെ വികസന പാത നിലനിർത്താനുള്ള ആർ.ടി.എയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ നേട്ടം. അതോടൊപ്പം മികച്ച മത്സരക്ഷമതക്കും ബിസിനസ് പ്രവർത്തനങ്ങൾക്കും ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ഉയർത്തുകയും ചെയ്യും. ഇ-സിസ്റ്റം ഉപഭോക്തൃ സൗഹൃദമായ രീതി അവലംബിക്കുന്നതിനാൽ ഇടപാടുകാരുടെ സംതൃപ്തി സൂചികയും വർധിച്ചു. പേപ്പർ ഉപയോഗിച്ച് നടത്തിയിരുന്ന ഇടപാടുകൾ കുറച്ച് സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പുതിയ ഉപഭോക്താക്കൾ ഓഫിസിൽ കയറിയിറങ്ങുന്നത് കുറക്കാനും ഇ-സിസ്റ്റം വഴി സാധിച്ചു.
ആർ.ടി.എയുടെ വിവിധ ഡിപ്പാർട്മെന്റുകൾ കൂടാതെ ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഇത്തിസലാത്ത്, ഡു, ഇത്തിഹാദ് റെയിൽ, എമിറേറ്റ് സെൻട്രൽ കൂളിങ് സിസ്റ്റം കോർപറേഷൻ, ദുബൈ സപ്ലൈ അതോറിറ്റി, പ്രതിരോധ മന്ത്രാലയം, ദുബൈ എയർപോർട്ട്സ്, ദുബൈ ഏവിയേഷൻ എൻജിനീയറിങ് പ്രോജക്ടുകൾ എന്നിവയിലും വ്യാപിച്ചു കിടക്കുന്നതാണ് ഇ-സേവനമെന്നും ബേസിൽ ഇബ്രാഹിം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.