അന്താരാഷ്ട്ര കായിക താരങ്ങളെ ദുബൈയിലേക്ക് ക്ഷണിച്ച് ഹംദാൻ
text_fieldsദുബൈ: അന്താരാഷ്ട്ര കായിക താരങ്ങളെ ദുബൈയിലേക്ക് സ്വാഗതംചെയ്ത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ട്വിറ്ററിലാണ് അദ്ദേഹം താരങ്ങളെ ക്ഷണിച്ചത്. യു.എസ് കേന്ദ്രീകരിച്ചിറങ്ങുന്ന അത്ലറ്റിക് മാസികയിൽ കണ്ട റിപ്പോർട്ടിനെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 'ദുബൈ പോലെ മറ്റൊരു നാടുമില്ലെന്നാണ് കായിക താരങ്ങൾ പറയുന്നത്. എല്ലാ താരങ്ങളെയും സ്പോർട്സ് ക്ലബുകളെയും ടീമുകളെയും യു.എ.ഇയെ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കാൻ സ്വാഗതം ചെയ്യുന്നു- ഹംദാൻ ട്വീറ്റ് ചെയ്തു.
മാഗസിനിലെ ലേഖനത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലെസ്റ്റർ സിറ്റി മാനേജർ ബ്രെണ്ടൻ റോജേഴ്സും ടീം താരങ്ങളും യു.എ.ഇയെ കുറിച്ച് പറയുന്നുണ്ട്. പ്രീമിയർ ലീഗിന്റെ മധ്യ സീസണിൽ പരിശീലനത്തിന് എന്തുകൊണ്ടാണ് യു.എ.ഇ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്റെ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ലോകതാരങ്ങൾ പങ്കെടുക്കുന്ന സൂപ്പർ കപ്പ് ഫുട്ബാൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ടീമിന്റെ പ്രതികരണം. വിദേശ ലീഗുകളിലെ പ്രമുഖ ക്ലബുകളെ ഉൾപ്പെടുത്തി ഡിസംബർ എട്ട് മുതൽ 16 വരെയാണ് സൂപ്പർ കപ്പ്. ലിവർപൂൾ, ആഴ്സനൽ, എ.സി. മിലാൻ, ലയോൺ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. ലോകകപ്പിൽ കളിക്കാത്ത മുഹമ്മദ് സലാ അടക്കമുള്ള വമ്പൻ താരനിര സൂപ്പർ കപ്പിനെത്തുമെന്നാണ്പ്രതീക്ഷ. ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ എ.എം.എച്ച് സ്പോർട്സാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ടിക്കറ്റ് വിൽപന തുടങ്ങി. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിലൂടെ (dubai.platinumlist.net/event-tickets) ടിക്കറ്റെടുക്കാം. 140 ദിർഹം മുതലാണ് നിരക്ക്. വൈകുന്നേരങ്ങളിലാണ് കളി. ലോകകപ്പ് മത്സരങ്ങൾ ഇല്ലാത്ത ദിവസങ്ങളിലാണ് ദുബൈയിലെ കളികൾ സംഘടിപ്പിച്ചിരിക്കുന്നത്. ടീമുകളുടെ ശൈത്യകാല ക്യാമ്പിന്റെ ഭാഗം കൂടിയാണ് ഈ മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.