ഹംദാൻ നയിച്ചു; രാജവീഥിയിൽ സൈക്കിൾ തേരോട്ടം
text_fieldsദുബൈ: മുന്നിൽനിന്ന് പടനയിച്ച് ദുബൈ രാജകുമാരനും പിന്നിൽ അണിനിരന്ന് 20,000 സൈക്കിൾ പടയാളികളും... ദുബൈ ശൈഖ് സായിദ് റോഡിെൻറ രാജവീഥികൾ അക്ഷരാർഥത്തിൽ വലിയൊരു സൈക്കിൾ ട്രാക്കായി മാറുകയായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങൾക്ക് മാത്രം സ്വന്തമായിരുന്ന ശൈഖ് സായിദ് റോഡ് ചരിത്രത്തിലാദ്യമായി സൈക്കിളുകൾക്ക് വഴിമാറിയപ്പോൾ വെള്ളിയാഴ്ച ദുബൈ നഗരം ഉറക്കമെഴുന്നേറ്റത് സൈക്കിൾ ബെല്ലടി നാദം കേട്ട്. ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ ഭാഗമായി സംഘടിപ്പിച്ച ദുബൈ റൈഡിലാണ് പതിനായിരങ്ങൾ സൈക്കിളുമായി തെരുവിലിറങ്ങിയത്.
വെള്ളിയാഴ്ച പുലർച്ചെ നാല് മുതൽ എട്ട് വരെയായിരുന്നു പരിപാടി. ആദ്യമായാണ് ദുബൈ ശൈഖ് സായിദ് റോഡ് ഇങ്ങനൊരു പരിപാടിക്കായി മറ്റ് വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. പുലർച്ചെ മൂന്ന് മുതൽ സൈക്കിളുകൾ ഇവിടേക്ക് എത്തിത്തുടങ്ങിയിരുന്നു. ശൈഖ് സായിദ് റോഡിലേക്കുള്ള പ്രവേശനം നിലച്ചതോടെ പുറത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ, ദുബൈ പൊലീസിെൻറ നേതൃത്വത്തിൽ ക്രമീകരണങ്ങളൊരുക്കുകയും റൈഡിനെത്തിയവരുടെ വാഹനങ്ങൾക്ക് പാർക്കിങ് ഒരുക്കുകയും ചെയ്തു. കോവിഡ് പരിശോധന നിർബന്ധമുള്ള അബൂദബിയിൽ നിന്ന് പോലും സൈക്കിളുമായി റൈഡർമാർ എത്തി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തിയതോടെ ആവേശം ഇരട്ടിച്ചു. സൈക്കിളുകളിൽ അഭ്യാസം കാണിച്ചും അതിവേഗം പാഞ്ഞും അവർ ആവോളം ആസ്വദിച്ചു. 14 നിരകളുള്ള ഹൈവേയിലൂടെ ദുബൈ വേൾഡ് ട്രേഡ് സെൻറർ, ഡൗൺ ടൗൺ, ബിസിനസ് ബേ, ദുബൈ കനാൽ എന്നിവ താണ്ടിയായിരുന്നു സഞ്ചാരം.
നാല് കിലോമീറ്റർ ഫാമിലി റൈഡിൽ പങ്കെടുക്കാൻ അഞ്ച് വയസ്സുകാർ മുതൽ കുടുംബാംഗങ്ങൾ എത്തി. സൈക്കിൾ ട്രാക്കിൽ ഇറങ്ങുന്നത് വരെയും അതിനു ശേഷവും മാസ്ക് ധരിച്ചാണ് എല്ലാവരും എത്തിയത്. റൈഡിനിടെ മാസ്ക് നിർബന്ധമായിരുന്നില്ല. എങ്കിലും ചിലർ മാസ്കണിഞ്ഞാണ് റൈഡ് നടത്തിയത്. യാത്രക്കിടയിൽ ചിത്രങ്ങളും പകർത്തി. 14 കിലോമീറ്റർ ഓപൺ റൈഡിൽ 13 വയസ്സിന് മുകളിലുള്ളവർ പങ്കാളികളായി. ശൈഖ് സായിദ് റോഡിലൂടെ സൈക്കിൾ ചവിട്ടാനുള്ള അവസരം യു.എ.ഇ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.