‘ഹാർമോണിയസ് കേരള’ നാളെ; ആവേശാരവങ്ങളിൽ അബൂദബി
text_fieldsഅബൂദബി: വിശ്വ മാനവികതയുടെയും ഒരുമയുടെയും ആഘോഷാരവങ്ങൾക്ക് നാളെ അബൂദബിയിൽ തിരി തെളിയും. അൽ ഹുദൈരിയാത്ത് ദ്വീപിലെ 321സ്പോർട്സ് വേദിയിൽ ‘ഗൾഫ് മാധ്യമം’സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ ഒരുക്കങ്ങൾ പൂർത്തിയായി.
ഞായറാഴ്ച പകൽ അസ്തമിക്കുന്നതോടെ ആയിരങ്ങൾ അൽ ഹുദൈരിയാത്ത് ദ്വീപിലേക്കൊഴുകിയെത്തും. വിവിധ ഗൾഫ് നഗരങ്ങളിൽ പ്രവാസി സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ച പരിപാടി ആദ്യമായാണ് അബൂദബി നഗരത്തിൽ വിരുന്നെത്തുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങൾക്കൊപ്പം സംഗീത, കല രംഗത്തെ പ്രഗല്ഭർ അണിനിരക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകീട്ട് 6.30നാണ് ആരംഭിക്കുന്നത്.
ടിക്കറ്റു വഴി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് 4.30ഓടെതന്നെ ഹാളിലേക്ക് പ്രവേശിക്കാം. ഇവിടെ കുടുംബങ്ങൾക്ക് ഒരുമിച്ചുകൂടാനും ആഘോഷിക്കാനുമുള്ള സുന്ദര മുഹൂർത്തങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ഫൺ ഗെയിമുകൾക്കൊപ്പം രുചി വൈവിധ്യങ്ങളുമായി പ്രമുഖ കമ്പനികളുടെ സ്റ്റാളുകളും സജ്ജമാണ്.
ചരിത്രത്തിൽ വേരാഴ്ത്തിയ യു.എ.ഇ-ഇന്ത്യ സൗഹൃദത്തിന്റെ ആഘോഷമെന്ന നിലയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സ്വദേശി പ്രമുഖരും പ്രവാസിനേതാക്കളും പങ്കെടുക്കും. സമീപകാലത്ത് അബൂദബി സാക്ഷ്യംവഹിച്ച മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന സാംസ്കാരിക-കലാവിരുന്നിന് ആവേശം പകരാൻ പ്രമുഖ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുക.
അനശ്വര അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ മുകേഷ്, സിദ്ദീഖ്, ലാൽ എന്നിവരാണ് ചടങ്ങിൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനെത്തുന്ന പ്രമുഖർ. പ്രവാസലോകത്തെ വേദികളിൽ ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയ പൂർവകാലത്തിന്റെ ഓർമകൾ പുതുക്കിക്കൊണ്ട് സദസ്സിനെ മൂവരും അഭിസംബോധന ചെയ്യും. അതോടൊപ്പം വിടപറഞ്ഞ സംവിധായകൻ സിദ്ദീഖിന് പ്രവാസലോകത്തിന്റെ ആദരമർപ്പിക്കുന്ന അവിസ്മരണീയ ചടങ്ങും വേദിയിലൊരുങ്ങും.
ഒരുമയുടെ സന്ദേശം പകരുന്ന ചടങ്ങ് ആസ്വാദകരമാക്കുന്നതിന് അണിയറയിൽ വൈവിധ്യമാർന്ന അനുബന്ധ പരിപാടികളും ഒരുങ്ങുന്നുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ ഷോകളിലൂടെ ആസ്വാദന മനസ്സുകളിൽ ചേക്കേറിയ ചലച്ചിത്ര, സംഗീത, മിമിക്രി രംഗത്തെ പ്രമുഖ കലാകാരന്മാരും ആനന്ദരാവിന് പൊലിമയേകാൻ എത്തിച്ചേരും.
വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, കണ്ണൂർ ശരീഫ്, കെ.കെ നിഷാദ്, വൈഷ്ണവ് ഗിരീഷ്, ക്രിസ്റ്റകല, രേഷ്മ രാഘവേന്ദ്ര, അനുകരണകലയിലെ പുത്തൻ താരോദയം സിദ്ദീഖ് റോഷൻ, വയലിനിസ്റ്റ് ബാലു, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയിലെത്തുക.
വേദിയിലേക്ക് സൗജന്യ ബസ് സർവിസ് ഒരുക്കിയിട്ടുണ്ട്. അബൂദബിയിലെ മൂന്ന് സ്ഥലങ്ങളിൽനിന്നാണ് സർവിസ്. വൈകീട്ട് 4.30ന് ബസ് പുറപ്പെടും. ടിക്കറ്റ് എടുത്തവർ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തുവെന്ന് ഉറപ്പാക്കണം. അബൂദബിയിലെ മദീനത്ത് സായിദ് പോസ്റ്റ് ഓഫിസിന് സമീപം (0507725617), മുസഫ സനയ്യ എം38 (0503652044), ശാബിയ 12 മോഡൽ സ്കൂളിന് സമീപം ( 0503440361) എന്നീ പോയന്റുകളിൽ നിന്നാണ് ബസ് പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.