വ്യത്യസ്തമാണീ ഈ മധുര സമ്മാനം
text_fieldsഷാർജ: രാജ്യമെങ്ങും ഈത്തപ്പഴത്തോട്ടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ട ഇനം ഈത്തപ്പഴങ്ങൾ വിപണിയിൽ എത്തിത്തുടങ്ങുകയും ചെയ്തു. ഈയവസരത്തിൽ വളരെ വ്യത്യസ്തമായ ഒരു സാമൂഹിക പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാർജയിലെ അൽ ഹംരിയ മുനിസിപാലിറ്റി. പ്രാദേശികമായും മറ്റും വിളവെടുത്ത ഈത്തപ്പഴങ്ങൾ സമ്മാനമായി താമസക്കാർക്ക് നൽകുന്നതാണ് പദ്ധതി. പ്രധാനമായും പ്രായമായവർക്കാണ് ഈ സമ്മാനപ്പൊതി എത്തിക്കുന്നത്. മുനിസിപാലിറ്റിയുടെ സാമൂഹിക ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. രണ്ടാമത് വർഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ കർഷകർക്കിടയിലും താമസക്കാർക്കിടയിലും ഈത്തപ്പഴ സീസൺ ആരംഭിക്കുന്നതിന്റെ സന്തോഷം നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഇതുവഴി രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും ഓർമപ്പെടുത്തുന്നതാണ് സംരംഭം. പദ്ധതി സമൂഹത്തിൽ ഏറെ സ്വീകരിക്കപ്പെട്ടുവെന്ന് അൽ ഹംരിയ മുനിസിപാലിറ്റി ഡയറക്ടർ മുബാറക് റാശിദ് അൽ ശംസി പറഞ്ഞു. ഈ സീസൺ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഔദാര്യത്തിന്റെയും പ്രതീകമാണ്. അൽ ഹംരിയ മുനിസിപ്പാലിറ്റി വിവിധ വകുപ്പുകളിലൂടെയും വിഭാഗങ്ങളിലൂടെയും അതിന്റെ ഉത്തരവാദിത്തം തുടരുകയാണ്. അൽ ഹംരിയയിലെ ജനങ്ങളുമായി ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുന്നതാണിത് -അദ്ദേഹം കൂട്ടിച്ചേർത്തു. ഈത്തപ്പനകളുടെയും അൽ ഹംരിയയിലെ എല്ലാ ഹരിത ഇടങ്ങളുടെയും പരിപാലനത്തിനും സംരക്ഷണത്തിനും മുനിസിപ്പാലിറ്റി നൽകുന്ന പരിചരണത്തിന്റെ ഫലമാണ് മികച്ച ഈത്തപ്പഴ സീസണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.