ഷാർജയിൽ തേനൊഴുകും
text_fieldsഷാർജ: ഔഷധഗുണമുള്ള അപൂർവയിനം പ്രകൃതിദത്ത തേൻ വിളവെടുത്ത് ഷാർജ. ഷാർജ കാർഷിക, കന്നുകാലി ഉത്പാദന അതോറിറ്റിയുടെ നേതൃത്വത്തിൽ അൽ മുന്തതാർ റിസർവിലാണ് പ്രകൃതിദത്ത തേൻ വിളവെടുപ്പ് നടന്നത്. യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ലാണ് ജൈവ തേൻ കൃഷി വിളവെടുപ്പെന്ന് അധികൃതർ അറിയിച്ചു. മലീഹ പാലും ഗുണമേൻമയുള്ള ഗോതമ്പ് കൃഷിയും വിജയകരമായി നടപ്പാക്കിയിന്റെ തുടർച്ചെയന്നോണമാണ് ഔഷധഗുണമുള്ള തേൻ കൃഷിയിലേക്ക് കൂടി ഷാർജ എമിറേറ്റ് കൈവച്ചത്. ‘സുവർണ വർഷം’ പദ്ധതിയുടെ ഭാഗമായി 2025ന്റെ ആദ്യ പകുതിയിൽ തേൻ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കാനാണ് തീരുമാനം.
പ്രാദേശികമായ കാലാവസ്ഥയ്ക്ക് അനുസൃതമായി നൂതന കൃഷി രീതികൾ ഉപയോഗിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചാണ് ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ അതോറിറ്റി തേനീച്ച വളർത്തലിനെ സമീപിച്ചത്. പ്രദേശത്തെ വ്യത്യസ്ത സസ്യജാലങ്ങളെ കേന്ദ്രീകരിച്ചാണ് ആരോഗ്യപരമായി ഏറെ ഗുണഗണങ്ങളുള്ള തേൻ കൃഷി നടപ്പിലാക്കുന്നത്. തേനീച്ച വളർത്തലിന്റെ പാരിസ്ഥിതിക നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമാക്കിയാണ് പദ്ധതി. പർവതപ്രദേശങ്ങളും സമ്പന്നമായ ആവാസവ്യവസ്ഥയുമുള്ള ഷാർജയുടെ സവിശേഷ ഭൂപ്രകൃതി തേനിന്റെ ഗുണനിലവാരം ഗണ്യമായി വർധിപ്പിക്കുമെന്ന് കൃഷി, കന്നുകാലി വകുപ്പ് ചെയർമാനും ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ അതോറിറ്റി (ഇക്തിഫ) സി.ഇ.ഒയുമായ ഡോ. എൻജിനീയർ ഖലീഫ മുസാബ അൽ തുനിജി അറിയിച്ചു.
പ്രകൃതിദത്ത റിസർവുകളിലും ഷാർജയിലെ മരുഭൂ പ്രദേശങ്ങളിലും സാധാരണ കാണപ്പെടുന്ന സിദ്ർ, സമർ, ഗാഫ് മരങ്ങളും തേൻ ഉൽപ്പാദന പദ്ധതിക്ക് കരുത്ത് പകരും. ഇത്തരം മരങ്ങളുടെ പൂവുകളിൽനിന്നുള്ള തേൻ മികച്ച ഇനത്തിലാണ് എണ്ണപ്പെടുന്നത്. നിരവധി ഔഷധ ഗുണങ്ങളും ഇവ അവകാശപ്പെടുന്നുണ്ട്. പ്രകൃതിദത്ത തേനീച്ച വളർത്തലിന്റെ പാരിസ്ഥിതിക നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ‘സുവർ വർഷം’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഭക്ഷ്യ സ്രോതസ്സുകൾ വ്യാപിപ്പിക്കുക, എമിറേറ്റിലെ കാർഷിക മേഖലയിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പദ്ധതികൾക്ക് വഴിയൊരുക്കുക, ഷാർജയെ പ്രകൃതിദത്ത തേൻ ഉൽപാദനത്തിന്റെ കേന്ദ്രമാക്കി മാറ്റുക തുടങ്ങിയവയും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.